കാസര്‍കോട് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ അറസ്റ്റ് വൈകുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിയുമായി നാട്ടുകാര്‍. ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണവുമായി കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.
പത്താം ക്ലാസ് പൊതുപരീക്ഷയുടെ തലേദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് ഷുഹൈല തൂങ്ങി മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പിറ്റേ ദിവസം കുടുംബം ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ വ്യക്തമായ ഫോണ്‍രേഖകളും ഷുഹൈലയുടെ സുഹൃത്തുക്കളുടെ രഹസ്യമൊഴികളും ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അനുകൂല നടപടികള്‍ ഇല്ലാതിരുന്നതോടെയാണ് ആക്ഷന്‍ കമ്മിറ്റിയുമായി നാട്ടുകാര്‍ രംഗത്ത് വന്നത്.
ഷുഹൈല ഉപയോഗിച്ചിരുന്ന ഫോണ്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഷുഹൈലയെ നാല് യുവാക്കള്‍ സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അതിലൊരു യുവാവ് സംഭവം നടക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും വ്യക്തമായിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കാരണക്കാരായ യുവാക്കളെ അറസ്റ്റ് ചെയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.