ഇടുക്കി: തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഗുരുതര പരിക്ക്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിന്റെ കാർ തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു തൊടുപുഴയിൽ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ബിലാൽ സമദിന് ഗുരുതരമായ പരിക്കും മറ്റ് മൂന്ന് പേർക്ക് നിസാര പരിക്കുകളും ഉണ്ടായി. പ്രതിഷേധക്കാർ സിപിഎമ്മിന്റെ കൊടിമരം തകർത്തു. പിന്നീട് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
സമദിന്റെ കണ്ണിനാണ് പരിക്കേറ്റത്. ഇതോടെയാണ് തൊടുപുഴയിൽ നിന്ന് അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. നാല് പൊലീസുകാർക്ക് സാരമല്ലാത്ത പരിക്കേറ്റു. ഇന്ന് രാവിലെ മിനി സിവിൽ സ്റ്റേഷന് മുന്നിൽ മാർച്ച് പൊലീസ് തടയാൽ ശ്രമിച്ചെങ്കിലും പ്രവർത്തകർ മുന്നോട്ട് പോയി. പിന്നീട് പ്രസ് ക്ലബിന് മുന്നിലെത്തിയ പ്രതിഷേധക്കാരോട് മാർച്ച് അവസാനിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. പ്രവർത്തകർ തയ്യാറാകാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതോടെയാണ് പ്രവർത്തകർക്ക് പരിക്കേറ്റത്.
സ്വർണക്കടത്ത് വിവാദത്തിൽ ഇന്നും കലുഷിതമാണ് കേരളത്തിലെ തെരുവുകൾ. ഇടത് – വലത് മുന്നണി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയതാണ് ഇന്നും പ്രശ്നങ്ങൾക്ക് കാരണം. പലയിടത്തും അക്രമങ്ങളും സംഘർഷവുമുണ്ടായി. പൊലീസ് കണ്ണീർ വാതകം അടക്കം പ്രയോഗിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. ഇന്നലെ കെപിസിസി ആസ്ഥാനമായിരുന്നെങ്കിൽ ഇന്ന് വിഡി സതീശന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
ഇന്ന് പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ നാടൻ ബോംബേറിഞ്ഞിരുന്നു. ഇതിൽ ഓഫീസിന് കേടുപാടുണ്ടായി. രാവിലെ അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനൽചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തി. ഓഫീസിന് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകർത്ത നിലയിലായിരുന്നു. അക്രമം നടത്തിയത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു. അമ്പലപ്പുഴ പൊലീസിൽ നേതാക്കൾ പരാതി നൽകി.
പേരാവൂർ മണ്ഡലം കോൺഗ്രസ് ഓഫീസും കൊടിമരവും രാത്രി തകർത്തു. ഇന്ന് രാവിലെയാണ് ഇത് കണ്ടെത്തിയത്. ഓഫീസിന്റെ ജനൽ ചില്ലുകളും അക്രമികൾ എറിഞ്ഞു തകർത്തിരുന്നു. നേതാക്കൾ പേരാവൂർ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത കേസിൽ നാല് സി പി എം പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോഴിക്കോട് ഏറാമല കുന്നുമ്മക്കരയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പുലർച്ചെ തീവെച്ച് നശിപ്പിച്ചു. ഓഫീസിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട അടൂരിൽ കോൺസ് ഓഫീസ് തല്ലി തകർത്ത ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തു. കാസർഗോഡ് നീലേശ്വരം ഹൗസിംഗ് കോളനിക്ക് സമീപം സ്ഥാപിച്ച കെ കരുണാകരന്റെ പ്രതിമ ഇന്ന് രാവിലെ തകർത്ത നിലയിൽ കണ്ടെത്തി.
ക്ലിഫ് ഹൗസിന് സമീപം പ്രതിഷേധവുമായി എത്തിയ പത്തോളം മഹിളാ മോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃശൂർ അളഗപ്പനഗറിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ആമ്പല്ലൂരിലും മണ്ണംപേട്ടയിലും കോണ്‍ഗ്രസിന്റെ കൊടികളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് സ്‌ഥാപിച്ച കൊടികൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചു. കട്ടപ്പന അശോക കവലയിലെ കൊടികളാണ് നശിപ്പിച്ചത്. സിപിഎം പ്രകടനം കടന്നു വരുന്നതിനിടെയാണ് സംഭവം. പഴയ ബസ് സ്റ്റാൻഡിന് മുന്നിലെ കെ എസ് യു കൊടിയും നശിപ്പിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുന്നവരെ തെരുവിൽ നേരിടുമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ പറഞ്ഞു. തെരുവിൽ ഇനി ഡിവൈഎഫ്ഐ ഉണ്ടാവുമെന്നും മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കുമെന്നും ഷാജർ പറഞ്ഞു.
കോഴിക്കോട് കിഡ്സൺ കോർണറിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. തൃശൂർ കോർപ്പറേഷനിൽ കറുത്ത തുണി തലയിൽ കെട്ടി മേയറുടെ ചേംബറിന് മുന്നിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചു. പൊലീസ് കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി. കൊല്ലം കളക്ടറേറ്റിലേക്ക് ആർഎസ്പി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. പൊലീസ് കണ്ണീർ വാതക ഷെൽ പ്രയോഗിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപിക്ക് പരിക്കേറ്റു. പോലീസിനു നേരെ പ്രവർത്തകർ മുട്ടയെറിഞ്ഞു.
തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി. മലപ്പുറത്തു യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം കുന്നുമ്മലിൽ ഇവർ റോഡ് ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെട്ടു. വലിയവിളയിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ചെർപ്പുളശ്ശേരി ടൗണിൽ സി പി എം – കോൺഗ്രസ് സംഘർഷം നടന്നു. മഹിളാ കോൺഗ്രസ് സമരത്തിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചുകയറിയതോടെയായിരുന്നു ഇത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ഫ്ലക്സുകൾ നശിപ്പിച്ചു. കോൺഗ്രസ് കൊടീമരം തകർത്തു. മസ്‌കറ്റ് ഹോട്ടലിന് മുന്നിൽ ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രതിഷേധ യോഗത്തിൽ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംയമനം പരിമിതിയായി കാണരുതെന്ന് ഷിജുഖാൻ പ്രസംഗിച്ചു. പൊലീസ് ബാരിക്കേഡ് മറികടന്ന് നാല് ഡിവൈഎഫ്ഐ പ്രവർത്തകർ കന്റോൺമെന്റ് ഹൗസിലേക്ക് കടന്നു. ഇവരിൽ ഒരാളെ തടഞ്ഞുവെച്ച വിഡി സതീശന്റെ സ്റ്റാഫ് അംഗങ്ങൾ ഒരാളെ പൊലീസ് പറഞ്ഞുവിട്ടെന്നും ആരോപിച്ചു. അകത്ത് പിടിയിലായ പ്രവർത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ഗേറ്റിന് വെളിയിൽ പൊലീസുമായി തർക്കത്തിലേർപ്പെട്ടു. ഒടുവിൽ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മഹിളാ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കെ പി സി സി ആസ്ഥാനത്തിനു നേരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു റോഡ് ഉപരോധം.
കുണ്ടുമൺ കടവിൽ ബി ജെ പി പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു. മലപ്പുറം സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. വിമാനത്തിലെ പ്രതിഷേധം ശരിയായില്ലെന്ന് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ എറണാകുളത്ത് പ്രതികരിച്ചു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന നിലയിലായി ഈ സമരമെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിക്ക് പിന്തുണ അർപ്പിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടേറിയേറ്റിൽ പ്രതിഷേധ മാർച്ച് നടത്തി.