തൃശ്ശൂര്‍: കേരളത്തിന്റെ തീരദേശത്തുള്ള തട്ടുകടകള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ(ഐ.ബി.) നിരീക്ഷണത്തില്‍. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
മംഗളൂരുവില്‍നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയില്‍ തീരദേശത്തുകൂടി ആഡംബര വണ്ടികള്‍ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ വഴിയോര തട്ടുകടകളില്‍ നിര്‍ത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം.
തീരദേശങ്ങളില്‍ അപ്രസക്ത മേഖലകളില്‍ ഈയിടെയായി കുറെ തട്ടുകടകള്‍ തുറന്നതായും ഇത് പണം, ആയുധം കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്നും സംശയിക്കുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്മേലാണ് കേന്ദ്ര ഐ.ബി. അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിലാണ് തീരദേശത്തെ ചില തട്ടുകടകളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചനയും കിട്ടിയതായാണ് അറിയുന്നത്.
കോവിഡ് കാലത്ത് സേവനത്തിനാണെന്ന രീതിയില്‍ ചില ട്രാവലറുകള്‍ ആംബുലന്‍സാക്കി സര്‍വീസ് നടത്തിയതിനു പിന്നിലും ആയുധ, പണം കടത്തലായിരുന്നെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് തീരദേശങ്ങളിലുള്ള തട്ടുകടകളിലേക്ക് നിരീക്ഷണത്തിനു വഴിതെളിച്ചത്.