ജിഎസ്ടി നിരക്കുകളിൽ മാറ്റം; വില ഉയരുന്ന വസ്തുക്കൾ ഇവയാണ്

0
286

ഡൽഹി: ജിഎസ്ടി നിരക്കുകളിൽ മാറ്റം. ചണ്ഡീഗഡിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് പുതിയ തീരുമാനം. ഇത് അനുസരിച്ച് ആയിരം രൂപയിൽ താഴെ പ്രതിദിന വാടകയുള്ള ഹോട്ടൽ മുറികളും ഇനി ജിഎസ്ടി പരിധിയിൽ വരും. 12 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന ശുപാർശ ചണ്ഡീഗഡിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം അംഗീകരിച്ചു. നിലവിൽ ആയിരം രൂപയിൽ താഴെയുള്ള ഹോട്ടൽ മുറികൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുന്നില്ല. സമാനമായ രീതിയിൽ നികുതി ഏർപ്പെടുത്തുകയും നികുതി സ്ലാബിൽ മാറ്റം വരുത്തുകയും ചെയ്ത ഉൽപ്പന്നങ്ങൾ ഇവയാണ്

1. ഭക്ഷ്യ എണ്ണ, കൽക്കരി, എൽഇഡി ലാമ്പ്, പ്രിന്റിംഗിന് ഉപയോഗിക്കുന്ന മഷി, തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ബാധകമായ ഇൻവെർട്ടേഡ് നികുതി ഘടനയിൽ തിരുത്തൽ വരുത്താൻ ജിഎസ്ടി കൗൺസിൽ നിർദേശിച്ചു

2. ചെക്ക് അനുവദിക്കുന്നതിന് ബാങ്ക് ഈടാക്കുന്ന ഫീസിന് 18 ശതമാനം ജിഎസ്ടി ചുമത്താൻ തീരുമാനിച്ചു

3. അറ്റ്ലസ്, മാപ്പ്, ചാർട്ട് എന്നിവയ്ക്ക് 12 ശതമാനം ജിഎസ്ടി

4. ബ്രാന്റഡ് അല്ലാത്ത പായ്ക്ക് ചെയ്ത പാലുൽപ്പന്നങ്ങളെയും കാർഷികോൽപ്പന്നങ്ങളെയും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തി. ലസി, മോര്, തൈര്, ഗോതമ്പ് പൊടി, മറ്റു ധാന്യങ്ങൾ, പപ്പടം, ശർക്കര തുടങ്ങി ബ്രാന്റഡ് അല്ലാത്ത പായ്ക്ക് ചെയ്ത പാലുൽപ്പന്നങ്ങളെയും കാർഷികോൽപ്പന്നങ്ങളെയും അഞ്ചുശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ജിഎസ്ടി കൗൺസിൽ യോഗം അംഗീകരിച്ചു.

5. സ്വർണം, വിലപ്പിടിപ്പുള്ള രത്നം തുടങ്ങിയ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇ- വേ ബിൽ സംവിധാനം ഏർപ്പെടുത്താനുള്ള ശുപാർശ ജിഎസ്ടി കൗൺസിൽ യോഗം അംഗീകരിച്ചു. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള സ്വർണ ഉരുപ്പടികൾ കൊണ്ടുപോകാൻ ഇനി ഇ- വേ ബിൽ വേണം. ഇതിന്റെ പരിധി ഉയർത്തുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.

6. പായ്ക്ക് ചെയ്യാത്തതും ബ്രാന്റഡ് അല്ലാത്തതും ലേബർ ചെയ്യാത്തതുമായ ഉൽപ്പന്നങ്ങളെ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയത് തുടരും

ഇതിന് പുറമേ കാസിനോ, ഓൺലൈൻ ഗെയിം, കുതിരയോട്ടം തുടങ്ങിയവയ്ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള ശുപാർശയും കൗൺസിലിന് മുൻപാകെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here