കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ (Congress Workers) റോഡ് ഉപരോധ സമരം നടത്തുമ്പോൾ നിഷ്ക്രിയരായി നോക്കിനിന്നുവെന്നാരോപിച്ച് ഒരു എസ്ഐ ഉൾപെടെ 11 ഉദ്യോസ്ഥർക്ക് നോട്ടീസ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച കാൽടെക്സ് ജംഗ്ഷനിലെ പ്രതിഷേധത്തിൽ ഈ പൊലീസുകാർ ഇടപെട്ടില്ല എന്ന് സിസിടിവിയിൽ തെളിഞ്ഞെന്നാണ് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കുന്നത്. അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത 11 യൂത്ത് കോൺഗ്രസ് നേതാക്കളെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാൽടെക്സ് ജംഗ്ഷനിൽ ഉപരോധ സമരം നടത്തിയിരുന്നു. പ്രതിഷേധക്കാരെ നീക്കുന്നതിനിടെ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ പ്രവർത്തകർ പൊലീസ് വാനിന്റെ മുകളിൽ മുകളിൽ കയറി നിന്ന് കൊടി വീശി. സംഘർഷമുണ്ടായപ്പോൾ ചക്കരക്കൽ ഗ്രേഡ് എസ്ഐ വിനോദ് കുമാർ, ടൗൺ എഎസ്ഐ ജയദേവൻ ഉൾപെടെ 11 പൊലീസുകാർ നിഷ്ക്രിയരായി നോക്കി നിന്നു എന്നാണ് ആരോപണം.
സിസിടിവി പരിശോധിച്ചപ്പോൾ ഇക്കാര്യം വ്യക്തമായെന്നും ഇന്ന് വൈകിട്ട് തന്റെ മുൻപാകെ ഓഡർലി മാർച്ച് നടത്തണമെന്നും അസി. കമ്മീഷണർ ടികെ രത്നകുമാർ നൽകിയ നോട്ടീസിൽ പറയുന്നു. അതേസമയം റോഡ് ഉപരോധ സമരത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഷമ്മാസ് ഉൾപെടെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. മുഖ്യമന്ത്രിക്കതിരായ തുടർ സമരങ്ങളെ ഭയന്നാണ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പൊലീസിന് വീഴ‍്‍ച സംഭവിച്ചതായാണ് പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘം കണ്ടെത്തി. എസ്എഫ്ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പൊലീസിനെ മറികടന്ന് പ്രവർത്തകർ ഓഫീസിനകത്ത് കയറിയിട്ടും വേണ്ട നടപടി സ്വീകരിക്കാനായില്ല. ദേശീയ നേതാവിന്‍റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സസ്പെൻഷൻ നേരിട്ട കൽപ്പറ്റ ഡിവൈഎസ്‍പിയിൽ നിന്നും ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് എഡിജിപി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ ഡിവൈഎസ്‍പി എം ഡി സുനിൽകുമാറിനെ മാത്രം ബലിയാടാക്കിയെന്ന അതൃപ്തി സേനക്കുള്ളിലുണ്ട്.