കാസർകോട്:ക്വട്ടേഷൻ സംഘത്തില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് കാസര്‍കോട് കൊല്ലപ്പെട്ട പ്രവാസി അബൂബക്കര്‍ സിദീഖിന്‍റെ സഹോദരന്‍ അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. തലകീഴായി കെട്ടിത്തൂക്കിയും മർദിച്ചു. കൂടെ ഉണ്ടായിരുന്ന അന്‍സാരിയേയും തന്നേയും രണ്ടിടങ്ങളില്‍ കൊണ്ട് പോയി മര്‍ദ്ദിച്ചുവെന്നും അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. അനവർ ഹുസൈൻറെ സഹോദരൻ അബൂബക്കർ സിദ്ദിഖ് ക്വട്ടേഷൻ സംഘത്തിൻറെ ക്രൂര മർദനത്തിൽ മരിച്ചു.
കൊടിയ പീഡനത്തെക്കുറിച്ച് അൻവർ ഹുസൈൻ പറയുന്നതിങ്ങനെ
പൈവളിഗയിലെ ഒഴിഞ്ഞ വീട്ടിലെത്തിച്ചാണ് സംഘം ആദ്യം മര്‍ദിച്ചത്. മരത്തിന്‍റെ വടികൊണ്ട് കാലിലും ശരീരത്തിലും അടിച്ചു.തലകീഴായി കെട്ടിത്തൂക്കിയും മര്‍ദിച്ചു .ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കിയാണ് മർദിച്ചത്. കൂടെയുണ്ടായിരുന്ന അന്‍സാരിയേയും സമാനമായ രീതിയില്‍ മർദിച്ചു. മർദിച്ച സംഘത്തില്‍ 12 പേരിലേറെ ഉണ്ടായിരുന്നു. മർദനത്തിന് ഒടുവില്‍ പൈവളിഗയില്‍ ഇറക്കി വിടുകയായിരുന്നു.പിന്നീട് ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയത്
മരിച്ച അബൂബക്കർ സിദ്ദിഖിൻറെ കാലിന്റെ അടിയിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടർ വ്യക്തമാക്കിയിരുന്നു. നിതംബത്തിലും അടിയേറ്റ പാടുകൾ ഉണ്ട്. ആശുപത്രിയിൽ എത്തിക്കുന്നതിന് ചുരുങ്ങിയത് അര മണിക്കൂർ മുമ്പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.
പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാറിൽ ആശുപത്രിയിലെത്തിയ സംഘത്തിൽ രണ്ടു പേരാണുള്ളതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം, കൊലപാതകത്തിന് പിന്നിൽ പത്തംഗ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൈവളിഗയിലെ സംഘമാണ് സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് തിരിച്ചറിഞ്ഞു.
അവശനിലയിലായ സിദ്ദിഖിനെ കഴിഞ്ഞ ദിവസം രാത്രിയോടെ ബന്ദിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം കടന്നുകളയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് സിദിഖിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാർ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ച് സിദിഖിനെ വിളിച്ചു വരുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ അൻവർ, അൻസാർ എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊലപ്പെടുത്തിയ കേസില്‍ പിടിയിലായവരെ കൃത്യം നടന്ന പൈവളികയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഫോറന്‍സിക് സംഘം അടക്കമുള്ളവരെത്തിയാണ് തെളിവ് ശേഖരിച്ചത്. പൈവളികയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള നുച്ചിലയിലാണ് തട്ടിക്കൊണ്ട് പോയവരെ സംഘം പാര്‍പ്പിച്ചത്. പൈവളിഗ സ്വദേശിയായ ഒരാളുടെ ഉടമസ്ഥതയില്‍ ഉള്ള ഒഴിഞ്ഞ് കിടക്കുന്ന വീടാണിത്. ഇദ്ദേഹത്തിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.