കുമ്പള: കാണാതായ സൈക്കിള്‍ മണിക്കൂറുകള്‍ക്കകം കണ്ടെത്തി ഉടമസ്ഥനെ ഏല്‍പ്പിച്ചു. ഉടമ നീര്ച്ചാല് മഹാജനസ്കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥിയും കഞ്ചിക്കട്ട സ്വദേശിയുമായ ധീരജ് നായക് സന്തോഷത്തില്‍.
പതിവുപോലെ മിനിഞ്ഞാന്നും സ്വന്തം സൈക്കിളില്‍ കുമ്പളയിലെത്തിയതായിരുന്നു ധീരജ്. സമയം വൈകിയതിനാല്‍ പതിവു സ്ഥലത്ത് സൈക്കിള്‍ വച്ച് പൂട്ടാതെ ബസ് ഓടിക്കയറി സ്കൂളേയ്ക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് സൈക്കിള്‍ കാണുന്നില്ലെന്ന കാര്യം അറിഞ്ഞത്. തന്റെ സങ്കടം വീട്ടിലെത്തിയ ധീരജ് മാതാപിതാക്കളെ അറിയിച്ചു. ഇന്നലെ രാവിലെ മുന്‍ പഞ്ചായത്തംഗം സുധാകര കാമത്തിന്റെ സഹായത്തോടെ പിതാവ് കുമ്പള പൊലീസ് സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടര്‍ പി പ്രമോദിനെ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കുമ്പള സ്റ്റേഷനിലെ പി ആര് ഒ കെ വി പ്രകാശ് അന്വേഷണം തുടങ്ങി. സൈക്കില്‍ വച്ചിരുന്ന സ്ഥലത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതിലൂടെയാണ് സൈക്കിള്‍ കൊണ്ടുപോയത് കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു പതിനേഴുകാരനാണെന്നു വ്യക്തമായത്. കുട്ടിയെ ഉപദേശിച്ച ശേഷം സൈക്കിള്‍ വീണ്ടെടുത്ത് ഉടമയായ ധീരജിനു കൈമാറുകയായിരുന്നു.