കല്ലേറ് കൊണ്ട് രക്തം ഒലിച്ചിട്ടും ചിരിച്ചതെന്തിന്? മറുപടിയുമായി വൈറല്‍ പോലീസുകാരന്‍

0
333

പത്തനംതിട്ട : കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിലുണ്ടായ കല്ലേറില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിലും വന്‍തോതില്‍ പ്രചരിച്ചു. കല്ലേറുകൊണ്ട് മുഖത്തുനിന്ന് ചോര ഒഴുകുമ്പോഴും ചിരിയോടെ നില്‍ക്കുന്ന പോലീസുകാരനായിരുന്നു ചിത്രത്തില്‍. പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. അജിത്താണ് വേദന ചിരിയിലൊതുക്കിയത്.

‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച ഫോട്ടോ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലും ഇടംപിടിച്ചു. തിരുവനന്തപുരം പാലോട് സ്വദേശിയാണ് അജിത്. ചുണ്ടിനും കവിളിനും പരിക്കേറ്റ അജിത്തിന് പത്തുദിവസത്തെ വിശ്രമം വേണ്ടിവരും.

സംഭവത്തെക്കുറിച്ച് അജിത് പറയുന്നു:- ‘ സംഘര്‍ഷമൊന്നുമുണ്ടാകാന്‍ സാധ്യതയില്ലാത്ത മാര്‍ച്ചെന്നാണ് കരുതിയിരുന്നത്. പോലീസിന്റെ ഭാഗത്തുനിന്നു യാതൊരു പ്രകോപനവുമുണ്ടായതുമില്ല. പ്രതിഷേധക്കാരില്‍ ചിലര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കല്ല് മുഖത്തുപതിച്ചത്.

കല്ലേറുകൊണ്ടെങ്കിലും ആരെയും ആദ്യമറിയിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍, എന്റെ മുഖത്ത് ചോര നിറയുന്നതുകണ്ട് പത്രഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തുകയായിരുന്നു. ചോരയൊലിക്കുന്നതുകണ്ട് എ.ഐ.വൈ.എഫ്. നേതാക്കളും അന്പരന്നു. സഹതാപത്തോടെയായിരുന്നു അവരുെട നോട്ടം. എന്തിനാണ് കല്ലേറുണ്ടായതെന്ന അമ്പരപ്പിലായിരുന്നു അവരും. അതുതന്നെയോര്‍ത്താണ് ഞാനും ചിരിച്ചുപോയത്.”

LEAVE A REPLY

Please enter your comment!
Please enter your name here