കര്‍ണാടകയില്‍ ദുരഭിമാനക്കൊല: ദളിത് യുവാവുമായി പ്രണയത്തിലായതിന് മാതാപിതാക്കള്‍ യുവതിയെ തല്ലിക്കൊന്നു

0
264

മൈസൂര്‍: അന്യമതത്തിലുള്ള യുവാവുമായുണ്ടായ പ്രണയത്തെച്ചൊല്ലി മൈസൂരില്‍ പതിനെട്ടുകാരിയെ പിതാവ് കൊലപ്പെടുത്തി. കര്‍ണാടക പെരിയപട്‌ന താലൂക്കിലെ കഗ്ഗുണ്ടി ഗ്രാമത്തിലാണ് സംഭവം.

പെരിയപട്‌നയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. വൊക്കാലിഗ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി സമീപ ഗ്രാമമായ മെല്ലാഹള്ളിയിലെ ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും, ബന്ധത്തില്‍ നിന്ന് വിട്ടുപോരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

മാതാപിതാക്കളുടെ പീഡനം രൂക്ഷമായതോടെ ഇവര്‍ക്കെതിരെ കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് കുട്ടിയെ ഗവണ്‍മെന്റ് ഗേള്‍സ് ഹോമിലേക്ക് മാറ്റി.

എന്നാല്‍ കുട്ടിയെ ഇനി ഉപദ്രവിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍
മൈസൂര്‍ ജില്ലാ ശിശുക്ഷേമ സമിതിക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു.

വീട്ടിലെത്തിയ ശേഷം യുവാവിനെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കുട്ടിയും പിതാവ് സുരേഷും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. ഇത് പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കുട്ടി മരണപ്പെട്ടെന്ന് ഉറപ്പുവരുത്തിയ മാതാപിതാക്കള്‍ മൃതശരീരം ബൈക്കില്‍ കയറ്റി വഴിയരികില്‍ ഉപേക്ഷിച്ച് തിരികെ വീട്ടിലേക്ക് മടങ്ങി.

പിന്നീട് സുരേഷ് സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവത്തില്‍ സുരേഷിനേയും ഭാര്യ ബേബിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here