ബീജിംഗ് : കൊവിഡ് കേസുകൾ ഉയരുകയും ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിട്ടും വീണ്ടും വിവാദ ‘ ഡോഗ് മീറ്റ് ഫെസ്റ്റ് ” നടത്താനുള്ള ചൈനീസ് നഗരത്തിന്റെ നീക്കത്തിനെതിരെ പ്രാദേശിക, അന്താരാഷ്ട്ര മൃഗ സംരക്ഷണ സംഘടനകൾ രംഗത്ത്.
അടുത്താഴ്ചയാണ് തെക്കൻ ചൈനയിൽ വിയറ്റ്നാം അതിർത്തിയ്ക്ക് സമീപം ഗ്വാംഗ്‌ഷി പ്രവിശ്യയിലെ യൂലിൻ നഗരത്തിൽ ‘ ലിച്ചി ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവൽ ” നടക്കുന്നത്. എല്ലാവർഷവും ചൈനയിൽ ഈ ഫെസ്റ്റ് നടത്താറുണ്ട്. പേര് പോലെ തന്നെ നായയുടെ ഇറച്ചിയാണ് ഫെസ്റ്റിവലിലെ മുഖ്യ ആകർഷണം.
കഴിഞ്ഞ വർഷം ഇറച്ചിയ്ക്കായി ഫെസ്റ്റിനെത്തിച്ച ഏതാനും ജീവനുള്ള നായകളെ ആക്ടിവിസ്റ്റുകൾ രക്ഷിച്ചിരുന്നു. എങ്കിലും ഫെസ്റ്റ് നടന്നിരുന്നു. ഇത്തവണ വിവിധ നഗരങ്ങൾ ലോക്ക്‌ഡൗണിൽ തുടരുന്നതിനിടെ ഫെസ്റ്റിന് അനുമതി നൽകരുതെന്നാണ് ആവശ്യം.
പൂച്ചകളുടെ ഇറച്ചിയും ലിച്ചി പഴങ്ങളും ഫെസ്റ്റിൽ ലഭിക്കും. മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ചൈനീസ് ഭരണകൂടം കണ്ണുതുറക്കണമെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. ഇത്തവണ ഫെസ്റ്റിവൽ നടന്നാൽ വലിയ തോതിൽ കൊവിഡ് വ്യാപനത്തിന് അത് വഴിതുറക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
2010ലാണ് യൂലിൻ ഡോഗ് ഫെസ്റ്റ് ആരംഭിച്ചത്. 10 ദിവസമാണ് ഫെസ്റ്റ് നീണ്ടുനിൽക്കുന്നത്. പ്രതിവർഷം ഏകദേശം 10,000 നായകളെ വരെ ഫെസ്റ്റിവലിന്റെ ഭാഗമായി കൊന്നിട്ടുണ്ടെന്നാണ് കണക്ക്. 2020ൽ ചൈനയിലെ കാർഷിക, ഗ്രാമകാര്യ മന്ത്രാലയം പുറത്തുവിട്ട കരട് നയത്തിൽ നായയെ ആഹാരത്തിനായുള്ള വളർത്തുമൃഗത്തിന് പകരം ‘ പ്രത്യേക സഹയാത്രികരായ മൃഗ”മെന്നാണ് ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ ഈ നയത്തിന് നിയമത്തിന്റെ പൂർണ പിന്തുണയില്ല. അതേ വർഷം തന്നെ, ഷെൻസൻ നഗരത്തിൽ നടത്തിയ സർവേയിൽ നായ ഇറച്ചി നിരോധിക്കണമെന്ന ആവശ്യത്തെ 75 ശതമാനം പേർ അനുകൂലിച്ചിരുന്നു. ഹ്യൂമേൻ സൊസൈറ്റി ഒഫ് ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 30 ദശലക്ഷം നായകളെയാണ് ലോകമെമ്പാടും ഇറച്ചിയ്ക്കായി പ്രതിവർഷം കൊല്ലുന്നത്.