ലണ്ടന്‍: ഇസ്‌ലാം സ്വീകരിച്ച ആഴ്‌സനലിന്റെ ഘാനാ മിഡ്ഫീല്‍ഡര്‍ തോമസ് പാര്‍ടെ തോമസ് പാര്‍ട്ടി പുതിയ പേര് സ്വീകരിച്ചു. യഅ്ക്കൂബ് എന്ന പേരിലായിരിക്കും താരം ഇനി അറിയപ്പെടുക. പാര്‍ടെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
”ഞാന്‍ മുസ്‌ലിംകള്‍ക്കൊപ്പമാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ വലിയ മാറ്റമൊന്നുമില്ല. നേരത്തെ തന്നെ വിവാഹം കഴിച്ചതാണ്. യഅ്ക്കൂബ് എന്നായിരിക്കും എന്റെ മുസ്‌ലിം പേര്.” പ്രമുഖ ഘാനാ മാധ്യമപ്രവര്‍ത്തകന്‍ നാനാ അബാ അനാമൂഹ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ തോമസ് പാര്‍ടെ വ്യക്തമാക്കി. ഞാന്‍ പ്രണയിക്കുന്നൊരു പെണ്‍കുട്ടി ഇപ്പോള്‍ എന്റെ കൂടെയുണ്ട്. ബാക്കിയുള്ള പെണ്‍സുഹൃത്തുക്കളെല്ലാം എന്നെ ഒഴിവാക്കുമെന്നറിയാം. എനിക്കതില്‍ പ്രശ്‌നമില്ലെന്നും താരം തമാശയായി പറഞ്ഞു.
കിഴക്കന്‍ ഘാനയില്‍ ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു താരത്തിന്റെ ജനനം. മൊറോക്കക്കാരിയായ കാമുകി സാറാ ബെല്ലയെ വിവാഹം കഴിച്ചതിനു പിന്നാലെയാണ് പാര്‍ടെ മതംമാറ്റം പ്രഖ്യാപിച്ചത്. ഒരു മതപുരോഹിതന്റെ കൂടെ ഖുര്‍ആന്‍ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. അതേസമയം, പുതിയ പേര് സ്വീകരിച്ചെങ്കിലും പ്രൊഫഷനല്‍ രംഗത്ത് പഴയ പേര് തന്നെയായിരിക്കും ഉപയോഗിക്കുക. ക്ലബ്, ദേശീയ ടീം ജഴ്‌സിയിലും തോമസ് പാര്‍ടെ എന്ന പേരില്‍ തന്നെ തുടരും.