മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തല്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിന് നേരെ ഡിവൈഎഫ്‌ഐയുടെ പരസ്യഭീഷണി. ഫര്‍സീന്‍ ഇനി സ്‌കൂളിലെത്തിയാല്‍ കാല് അടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജറാണ് ഭീഷണിയുമായി രംഗത്തെത്തിയത്. അതേസമയം മട്ടന്നൂര്‍ യുപി സ്‌കൂളിലെ അധ്യാപകനായ ഫര്‍സീനെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
അതേസമയം വിമാനത്തിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പ്രത്യേക അന്വേഷണം നടത്തും. വിമാനത്താവളത്തിലെ സുരക്ഷയെ ബാധിക്കാത്തതിനാല്‍ സി.ഐ.എസ്.എഫ്. സംഭവത്തില്‍ കേസെടുത്തിട്ടില്ല. കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്(28), കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍കുമാര്‍ (34) എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്നാളുടെ പേരില്‍ കേസെടുത്തു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തത്.
ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍പ്രകാരം വിമാനത്തില്‍ ശാരീരികമായി ഉപദ്രവിക്കുകയോ വാക്കുകള്‍കൊണ്ട് ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഒരുവര്‍ഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. 1937-ലെ ഈ നിയമം 2018-ല്‍ പരിഷ്‌കരിച്ചതുമാണ്. 2017 സെപ്റ്റംബറില്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് എന്ന പേരിലുള്ള നിയമപ്രകാരം വാക്കുകളാല്‍ ഉപദ്രവിക്കുന്നവരെ മൂന്നുമാസം വിമാനയാത്രയില്‍നിന്ന് വിലക്കാനും കഴിയും.