ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ പ്രതികള്‍ക്ക് മയക്കുമരുന്ന് നൽകിയ ദക്ഷിണാഫ്രിക്ക സ്വദേശിയും കാസർഗോഡ് സ്വദേശിയും അറസ്റ്റിൽ

0
275

കായംകുളം: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ പ്രതികള്‍ക്ക്  മയക്കുമരുന്ന് നൽകിയ ദക്ഷിണാഫ്രിക്ക സ്വദേശിയും കാസർഗോഡ് സ്വദേശിയും അറസ്റ്റിൽ. കഴിഞ്ഞ മാസം 24നാണ് 67 ഗ്രാം എംഡിഎംഎയുമായി അന്തർ സംസ്ഥാനങ്ങളിൽ സർവ്വീസ് നടത്തുന്ന ബസ്സിൽ വന്നിറങ്ങിയ ദമ്പതികൾ കായംകുളത്ത് പിടിയിലായത്. ഈ കേസിലാണ് ദക്ഷിണാഫ്രിക്ക കേപ് ഠൗൺ അമോർക്കയിൽ ഫിലിപ്പ് അനോയിന്റെഡ് (35), കാസർഗോഡ് ജില്ലയിൽ ചെങ്കള  ഇടിർത്തോട് കരയിൽ ബദർ നഗർ ഹൗസിൽ മുഹമ്മദ് കുഞ്ഞി (34) എന്നിവരെ  കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് കുഞ്ഞിയെ കാസർകോട് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത  ശേഷം പ്രതിയുമായി ബാംഗ്ലൂരിലെത്തിയ പോലീസ് സംഘം സാഹസികമായാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കൊണ്ടുവന്ന കായംകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ, മയക്ക് മരുന്ന് വില്പന സംഘത്തിലെ കണ്ണികളായ തിരുവനന്തപുരം നേമം സ്വദേശി നഹാസ് (23), കീരിക്കാട് സ്വദേശിയും ബാംഗ്ലൂരിൽ താമസക്കാരനുമായ രഞ്ജിത് (25) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

അറസ്റ്റിലായ ദക്ഷിണാഫ്രിക്ക സ്വദേശിയാണ് എംഡിഎംഎ നിർമ്മിച്ച് വിൽപ്പനക്കായി സംഘങ്ങള്‍ക്ക് നൽകുന്നത്. മാസം തോറും കോടികണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് ഈ സംഘം നടത്തുന്നത്. ഇവരുടെ ഫോൺ രേഖകളും, അക്കൗണ്ട് രേഖകളും പരിശോധിച്ചതിൽ വ്യാപകമായി മയക്കുമരുന്ന് നിർമ്മാണത്തിലും കച്ചവടത്തിലും ഏർപ്പെടുന്നതായി കണ്ടെത്തി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തി ഈ മാഫിയയിലുള്ള കൂടുതൽ ആൾക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here