ജിദ്ദ: സൗദിയില്‍ നിന്ന് തന്നെയുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകളില്‍ കുറവ് വരുത്തി. കഴിഞ്ഞ ദിവസമാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച അറിയിപ്പ് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി മൂന്ന് പാക്കേജുകളാണുള്ളത്. ഇവ മൂന്നിനും നിരക്ക് കുറച്ചിട്ടുണ്ട്.
നേരത്തെ 10,238 റിയാലായിരുന്ന ഹോസ്‍പിറ്റാലിറ്റി ഓര്‍ഡിനറി ക്യാമ്പ് പാക്കേജിന് ഇനി മുതല്‍ 9098 റിയാലായിരിക്കും. രണ്ടാമത്തെ പാക്കേജായ ഹോസ്‍പിറ്റാലിറ്റി അപ്‍ഗ്രേഡഡ് ക്യാമ്പിന് നേരത്തെ 13,043 റിയാലായിരുന്നത് 11,970 റിയാലാക്കി കുറച്ചു. മിനാ ടവേഴ്സ് ഹോസ്‍പിറ്റാലിറ്റി പാക്കേജിന് 14,737 റിയാലായിരുന്നത് 13,943 റിയാലാക്കി കുറച്ചു. തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്കുള്ള യാത്രാ നിരക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂല്യ വര്‍ദ്ധിത നികുതിയും ഈ നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ജൂണ്‍ മുതല്‍ ആഭ്യന്തര ഹജജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. 65 വയസിന് താഴെ പ്രായമുള്ള സാധുതയുള്ള റെസിഡന്‍സി പെര്‍മിറ്റുള്ളവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളത്. നേരത്തെ ഹജ്ജ് ചെയ്‍തിട്ടില്ലാത്തവര്‍ക്കും തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പ്രകാരം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും മുന്‍ഗണന നല്‍കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. https://localhaj.haj.gov.sa എന്ന ലിങ്കിലൂടെയോ ഇഅ്തമര്‍ന ആപ്ലിക്കേഷനിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.