സാമൂഹികമാധ്യമങ്ങളിൽ വൈറലാവാൻ ആളുകൾ പലതും ചെയ്യാറുണ്ട്. എന്നാൽ, കിഴക്കൻ ജാവയിലെ ഗ്രെസിക്കിൽ (Gresik, East Java) നിന്നുള്ള ഒരാൾ ചെയ്തത് കുറച്ചുകൂടി കടന്ന കാര്യമായിപ്പോയി. ഇയാൾ വൈറലാവാൻ വേണ്ടി ഒരു പെണ്ണാടിനെ വിവാഹം കഴിക്കുകയായിരുന്നു (married a female goat).
ഗ്രെസിക്കിലെ ബെൻജെങ് ജില്ലയിലെ ക്ലാംപോക്ക് ഗ്രാമത്തിലാണ് ജൂൺ അഞ്ചിന് സൈഫുൾ ആരിഫ് (Saiful Arif) എന്ന 44 -കാരൻ ശ്രി രഹായു ബിൻ ബെജോ എന്ന ആടിനെ വിവാഹം കഴിച്ചത്. യൂട്യൂബറും ടിക്ടോക്കിൽ കണ്ടന്റ് ക്രിയേറ്ററും കൂടിയാണ് ആരിഫ്. പ്രസ്തുത വീഡിയോയിൽ വധുവിനെ ഷാൾ കൊണ്ട് മൂടിയിരിക്കുന്നതായി കാണാം. പരമ്പരാഗത ജാവനീസ് വസ്ത്രങ്ങൾ ധരിച്ച ഒരു സംഘം നാട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
ടൈംസ് നൗ പറയുന്നതനുസരിച്ച്, സ്ത്രീധനം 22,000 ഇന്തോനേഷ്യൻ റുപിയ (117 രൂപ) എന്ന് ചടങ്ങിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, പിന്നീട് ഈ വിവാഹം വീഡിയോ തയ്യാറാക്കാൻ വേണ്ടി മാത്രം നിർമ്മിച്ചതാണ് എന്ന് സൈഫുൾ പറയുകയായിരുന്നു. ഇത് തികച്ചും അഭിനയമാണെന്നും അത് വൈറലാവുകയെന്ന ഉദ്ദേശത്തോടെ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യാൻ നിർമ്മിച്ചതാണെന്നും സൈഫുൾ പറഞ്ഞു.
താൻ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും വെറും വിനോദത്തിന് വേണ്ടി മാത്രമാണ് ഇത് ചെയ്തത് എന്നുമാണ് സൈഫുളിന്റെ വാദം. മിനിസ്റ്ററി ഓഫ് റിലീജിയനിലെ ഇസ്ലാമിക് ഗൈഡൻസ് ഡയറക്ടറേറ്റ് ജനറൽ സെക്രട്ടറി എം ഫുവാദ് നാസർ , വിവാഹം പവിത്രമാണ്, വിവാഹം എന്ന സമ്പദായത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ട് എന്നാണ് വിവാഹ വാർത്തയോട് പ്രതികരിച്ചത്.
ഇന്തോനേഷ്യ പോസ്റ്റൻ പറയുന്നതനുസരിച്ച്, ആടിനെ വിവാഹം കഴിച്ചതിന് സൈഫുൾ പിന്നീട് ദൈവത്തോട് കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞു. “ആടിനെ വിവാഹം കഴിച്ച ഒരാൾ എന്ന നിലയിൽ എന്റെ തെറ്റുകൾക്ക് ഞാൻ അല്ലാഹുവിനോട് ക്ഷമ ചോദിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തി ഇനി ആവർത്തിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു” കണ്ണീർ തുടച്ചുകൊണ്ട് സൈഫുൾ പറഞ്ഞുവത്രെ.