വരുന്നു, ഐ.പി.എൽ മാതൃകയിൽ യു.എ.ഇയുടെ ട്വന്റി 20 ക്രിക്കറ്റ് ലീഗ്; ടീമുകളുമായി ഇന്ത്യൻ ഫ്രാഞ്ചൈസികൾ

0
272

ഐ.പി.എൽ മാതൃകയിൽ യു.എ.ഇയുടെ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ലീഗ് വരുന്നു. ആദ്യ എഡിഷൻ അടുത്തവർഷം ജനുവരി ആറ് മുതൽ ഫെബ്രുവരി 12 വരെയാണ് നടക്കുക. ഐ.എൽ.ടി 20 എന്നാണ് ലീഗിന്റെ പേര്. ഐ.പി.എൽ മോഡലിൽ ഇന്ത്യയിൽ നിന്നടക്കം ലോകോത്തര ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിക്കാനാണ് തീരുമാനം.

ആറ് ടീമുകളാണ് പങ്കെടുക്കുക. 34 മത്സരങ്ങളുണ്ടാകും. ഓരോ ടീമും രണ്ട് തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് ഷെഡ്യൂൾ. നാല് പ്ലേ ഓഫ് മത്സരങ്ങളുണ്ടാകും. ഇന്ത്യക്കും ഏറെ പ്രാധാന്യമുള്ള ലീഗാണിത്. പങ്കെടുക്കുന്ന ആറ് ടീമുകളിൽ അഞ്ചും സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യൻ ഫ്രാഞ്ചൈസികളാണ്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി കാപ്പിറ്റൽസിന്റെ ഉടമകളായ ജി.എം.ആർ ഗ്രൂപ്പ്, മുംബൈ ഇന്ത്യൻസിന്റെ ഉടമകളായ റിലയൻസ്, ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാപ്രി ഗ്ലോബൽ, അദാനി ഗ്രൂപ്പിന്റെ അദാനി സ്‌പോർട്‌സ് ലൈൻ എന്നിവയാണ് ഇന്ത്യൻ ഫ്രാഞ്ചൈസികൾ.

മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്ബാൾ ടീമിന്റെ ഉടമകളായ ലാൻസർ കാപ്പിറ്റലാണ് ഇന്ത്യയിൽ നിന്നല്ലാത്ത ഏക ഫ്രാഞ്ചൈസി. വൈകാതെ ടൂർണമെന്റിലേക്ക് താരങ്ങളെ ഏറ്റെടുക്കുന്നത് ആരംഭിക്കും. ഐ.പി.എല്ലിൽ നിന്നുള്ള താരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ക്രിക്കറ്റ് പ്രേമികളെ ത്രസിപ്പിക്കുന്നതായിരിക്കും ഐ.എൽ.ടി 20 എന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ചെയർമാനും യു.എ.ഇ സാംസ്‌കാരിക, യുവജന, സാമൂഹിക വികസന, സഹിഷ്ണുത മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറഖ് ആൽ നഹ്യാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here