ജനീവ: ജനങ്ങളുടെ മാനസികാരോഗ്യം സംബന്ധിച്ച ആശങ്ക ഇരട്ടിയാക്കി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ലോകത്ത് എട്ടിൽ ഒരാൾ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. ആളുകളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള നടപടികൾ രാജ്യങ്ങൾ ഉടൻ ആരംഭിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.
കൊറോണ വ്യാപനത്തിന് മുൻപും ശേഷവുമുള്ള കണക്കുകൾ നിരത്തിയാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കൊറോണയ്‌ക്ക് മുൻപ് 2019 ൽ 1 ബില്യൺ ആളുകൾ മാത്രമാണ് മാനസിക രോഗികളായി ഉണ്ടായിരുന്നത്. ഇതിൽ 14 ശതമാനവും യുവതീ യുവാക്കൾ ആയിരുന്നു. എന്നാൽ കൊറോണ കാലത്ത് മാനസിക രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.കൊറോണ വ്യാപനം ആരംഭിച്ച ആദ്യ വർഷം മാനസിക സംഘർഷം അനുഭവിക്കുന്ന അല്ലെങ്കിൽ മാനസിക രോഗികളായ യുവതീ യുവാക്കളുടെ ശതമാനം 14 ൽ നിന്നും 25 ശതമാനത്തിലധികമായി വർദ്ധിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ജനങ്ങളുടെ മാനസിക ആരോഗ്യ സംരക്ഷണത്തെ കരുതിയുള്ള പദ്ധതികൾക്കായി കേവലം രണ്ട് ശതമാനം രാജ്യങ്ങൾ മാത്രമാണ് ബജറ്റിൽ പണം മാറ്റിവയ്‌ക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുണ്ട്. അതുകൊണ്ടുതന്നെ വളരെ കുറവ് ആളുകൾക്ക് മാത്രമാണ് മികച്ച ചികിത്സ ലഭിക്കുന്നത്. നിരവധി ആളുകൾ വർഷങ്ങളായി മാനസിക രോഗികളായി കഴിയുന്നു. മികച്ച മാനസികാരോഗ്യത്തിനായുള്ള പദ്ധതികൾ ആരംഭിക്കാൻ രാജ്യങ്ങൾ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.