മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു

0
353

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടയാണ് താക്കറെ രാജി അറിയിച്ചത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും എന്‍സിപി മേധാവി ശരത് പവാറും നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും താക്കറെ പറഞ്ഞു. സര്‍ക്കാര്‍ പിന്തുടര്‍ന്ന് ശിവജിയുടെ നയമാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

അധികാരത്തില്‍ കടിച്ചു തൂങ്ങാനില്ല. ഒരു ശിവസേനക്കാരന്‍ പോലും എതിരാകുന്നത് സഹിക്കാനാവില്ല. ചെയ്തതെല്ലാം മറാത്തക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടി. പദവി ഒഴിയുന്നതില്‍ ദുഃഖമില്ലെന്നും താക്കറെ പറഞ്ഞു. താന്‍ അധികാരത്തില്‍ വന്ന ശേഷം ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ശിവസൈനികര്‍ തനിക്കൊപ്പമുണ്ട്. എന്ത് പ്രശ്‌നമുണ്ടെങ്കിലും വിമതര്‍ക്ക് ചര്‍ച്ച നടത്താമായിരുന്നെന്നും താക്കറെ ആവര്‍ത്തിച്ചു.

വോട്ടെടുപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ശിവസേന സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതോടെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നാളെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് സുപ്രീം കോടതിയിയുടെ നിര്‍ണായക വിധി.

ശിവസേനയ്ക്കു വേണ്ടി അഭിഷേക് മനു സിങ്!വിയാണു കോടതിയില്‍ ഹാജരായത്. എന്‍സിപിയുടെ രണ്ട് എംഎല്‍എമാര്‍ കോവിഡ് മൂലം ആശുപത്രിയില്‍ ചികിത്സയിലാണ്. കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ വിദേശത്താണ്. അര്‍ഹരായവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കാത്തതു ശരിയല്ലെന്നും അഭിഷേക് സിങ!്വി വാദിച്ചു.

എംഎല്‍എമാരെ അയോഗ്യരാക്കിയ തീരുമാനം നിലനില്‍ക്കെ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാന്‍ കഴിയുമെന്ന് സിങ്‌വി ചോദിച്ചു. സൂപ്പര്‍സോണിക് വേഗത്തിലാണ് വിശ്വാസവോട്ടെടുപ്പിനുള്ള തീരുമാനം ഗവര്‍ണര്‍ കൈക്കൊണ്ടത്. അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മില്‍ ബന്ധമെന്താണെന്ന് കോടതി ചോദിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയില്‍ നിബന്ധനയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ആറു മാസത്തെയെങ്കിലും ഇടവേള ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് സിങ്!വി മറുപടി പറഞ്ഞു.

അയോഗ്യതയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാന്‍ ഡപ്യൂട്ടി സ്പീക്കര്‍ക്ക് എന്താണ് അധികാരം എന്ന വിമതര്‍ ഉന്നയിച്ച ചോദ്യം  പരിശോധിച്ചു വരികയാണെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ക്കു കത്തു നല്‍കിയതോടെ അവര്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു. അപ്പോള്‍ തന്നെ അവര്‍ പുറത്താക്കപ്പെട്ടെന്നും സിങ്‌വി വാദിച്ചു. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ്. അദ്ദേഹം ഇനി അങ്ങനെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പോലും പ്രതിപക്ഷത്തിന്റെ ഉപദേശമല്ല ഗവര്‍ണര്‍ കേള്‍ക്കേണ്ടത്.

നാളെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് സിങ്‌വി കോടതിയില്‍ വാദിച്ചു. അതേസമയം യഥാര്‍ഥ ശിവസേന തങ്ങളാണെന്ന് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. 39 എംഎല്‍എമാര്‍ ഒപ്പമുണ്ട്. അയോഗ്യതാ നോട്ടിസ് ലഭിച്ചത് 16 എംഎല്‍എമാര്‍ക്കാണെന്നും വിമതരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ രാജിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here