പ്രവാചക നിന്ദാ പരാമര്‍ശം; നുപുര്‍ ശര്‍മക്കെതിരെ വീണ്ടും കേസ്

0
203

ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയിലെ പ്രവാചക നിന്ദാ പരാമര്‍ശം മുസ്‌ലിംങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മക്കെതിരെ കേസ്.

അഡ്വ. സയ്യിദ് അസീം നല്‍കിയ പരാതിയിലാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ ബീഡ് പൊലീസ് നുപുര്‍ ശര്‍മക്കെതിരെ കേസെടുത്തു.

മുംബൈ, താനെ നഗരങ്ങളുള്‍പ്പെടെ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ സമാന വിഷയത്തില്‍ നുപുറിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

ടൈംസ് നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ രംഗത്തെത്തിയത്.

സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

നുപുര്‍ ശര്‍മയെ പുറത്താക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍, നടപടി തെറ്റാണെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ അഭിപ്രായം. പാര്‍ട്ടിയുടെ ആശയം മാത്രമാണ് നുപുര്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്നും ഇതിന് ബി.ജെ.പി സ്വീകരിച്ച നടപടി ശരിയല്ലെന്നുമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വാദം.

പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചിരുന്നു.

റാഞ്ചി മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് മുസ്‌ലിങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 12 പൊലീസുകാര്‍ക്കും ആക്രമത്തില്‍ പരിക്കേറ്റിരുന്നു.

അതേസമയം വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധത്തിനിറങ്ങിയവരുടെ വീടുകള്‍ യു.പി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

കാന്‍പൂരിലും പ്രയാഗ് രാജിലുമാണ് ആക്രമണങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ പ്രാദേശിക രാഷ്ട്രീയ നേതാവായ ജാവേദ് അഹമദിന്റെ വീടും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. പ്രതിഷേധത്തില്‍ ആസൂത്രകന്‍ ജാവേദാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

LEAVE A REPLY

Please enter your comment!
Please enter your name here