പ്രവാചകന് എതിരായ മുന്‍ ബിജെപി വക്താവിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണയുമായി ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ. നാല് സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.
ഇതേ തുടര്‍ന്ന് പ്രദേശങ്ങളില്‍ കനത്ത സുരക്ഷ സംവിധാനമൊരുക്കും. സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സുരക്ഷാ ക്രമീകരണങ്ങളും പരിശോധനയും വ്യാപകമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. അല്‍ ഖ്വയ്ദ ഇന്‍ സബ്കൊണ്ടിനെന്റ് എന്ന പേരില്‍ പുറത്ത് വിട്ട കത്തിലൂടെയാണ് ആക്രമണം നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
വിവാദ പരാമര്‍ശത്തിന് എതിരെ പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും സ്വന്തം ശരീരത്തിലും കുഞ്ഞുങ്ങളുടെ ശരീരത്തിലും സ്ഫോടക വസ്തുക്കള്‍ വച്ചു കെട്ടി ആക്രമണം നടത്തുമെന്നും കത്തില്‍ പറയുന്നു.
ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായി മാറിയത്. തുടര്‍ന്ന് നൂപുര്‍ ശര്‍മ ക്ഷമാപണം നടത്തിയിരുന്നു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അവര്‍ അറിയിച്ചു.
സംഭവത്തില്‍ അതൃപ്തിയറിച്ച് വിദേശ രാജ്യങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബെഹ്‌റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ, എന്നീ രാജ്യങ്ങളാണ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. പ്രതിഷേധം അറിയിച്ച രാജ്യങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഈ രാജ്യങ്ങളുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും.