പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ബംഗളൂരുവില്‍ റോഡ് പണിതത് 23 കോടി മുടക്കി; ഒറ്റ മഴയില്‍ കുഴികളുണ്ടായെന്ന് പരാതി

0
257

പ്രധാനമന്ത്രിയുടെ ലഘു സന്ദര്‍ശത്തനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ ബൃഹദ് ബംഗളൂരു മഹാനഗര പാലികെ പുതിയ റോഡ് അതിവേഗത്തില്‍ പണിതത് 23 കോടി രൂപമുടക്കി. പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് വന്‍ തുക മുടക്കി അതിവേഗം റോഡ് പണിതത്. എന്നാല്‍ കഴിഞ്ഞ ഒരു ദിവസത്തെ മഴ കൊണ്ട് മാത്രം തന്നെ റോഡിന്റെ പല ഭാഗത്തും വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുതിയ റോഡിന്റെ മഴ പെയ്ത ശേഷമുള്ള അവസ്ഥ പലരും ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതോടെ സംഭവം വലിയ ചര്‍ച്ചയാകുകയാണ്.

എന്നാല്‍ ബംഗളൂരുവിന്റെ മുഖച്ഛായ മാറ്റുന്നതിനായി അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഫണ്ട് വിനിയോഗിച്ചാണ് പൊതുനന്മയെ കരുതി റോഡ് നിര്‍മിച്ചതെന്നാണ് ബൃഹദ് ബംഗളൂരു മഹാനഗര പാലികെ വിശദീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റോഡ് നിര്‍മാണത്തിന്റെ വേഗത കൂട്ടാനുള്ള കാരണമായതേയുള്ളൂവെന്നും അധികൃതര്‍ പറയുന്നു.

ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ക്യാംപസിന് സമീപമാണ് 3.6 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റോഡ് നിര്‍മിച്ചത്. എന്നാല്‍ ഒരു മഴയ്ക്ക് തന്നെ കോടികള്‍ മുടക്കി നിര്‍മിച്ച റോഡില്‍ കുഴികള്‍ വീണത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി. കുഴികളില്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ കുഴികള്‍ക്കരികില്‍ ബാരിക്കേഡുകള്‍ വച്ചിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച ഈ റോഡ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡോ ഭീംറാവു അംബേദ്കര്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലേക്ക് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here