പെറ്റിക്കേസിന്റെ പേരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കരുത്; നിര്‍ദ്ദേശവുമായി ഡിജിപി

0
200

സംസ്ഥാനത്ത് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ഡിജിപിയുടെ പുതിയ ഉത്തരവ്. പെറ്റിക്കേസുകളുടെ പേരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കരുതെന്നാണ് നിര്‍ദ്ദേശം. പഠനാവശ്യങ്ങള്‍ക്കും ജോലിക്കും പൊലീസാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. അതിനാല്‍ പുതിയ ഉത്തരവ് അപേക്ഷകര്‍ക്ക് കൂടുതല്‍ ഗുണകരമാകും.

ദീര്‍ഘനാളായി സംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും അതാത് പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ല. പെറ്റി കേസുകളില്‍ പെടുന്നവര്‍ക്കും ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഴ അടക്കേണ്ടി വന്നവര്‍ക്ക് പോലും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന അവസ്ഥയുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

പെറ്റി കേസുകളില്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്നത് വഴി തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ ഡിജിപി ഇടപെടല്‍ നടത്തിയത്. പുതിയ ഉത്തരവിനെ തുടര്‍ന്ന് പല പൊലീസ് സ്റ്റേഷനുകളില്‍ തടഞ്ഞുവച്ചിരിക്കുന്ന നൂറുകണക്കിന് അപേക്ഷകളില്‍ പൊലീസിന് തീരുമാനമെടുക്കാന്‍ സാധിക്കും.

നേരത്തെ വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് നല്‍കിയിരുന്നത്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അത് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നാക്കി മാറ്റിയിരുന്നു. അതേ സമയം നിരവധി തവണ ബോധപൂര്‍വ്വം ഗതാഗതനിയമ ലംഘനം നടത്തിയവരുണ്ടെങ്കില്‍ അത്തരം കേസുകള്‍ പ്രത്യേകം പരിശോധിക്കും. മത്സരയോട്ടം, അലക്ഷ്യമായ വാഹമോടിച്ച് അപകടം വരുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തവര്‍ക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേകം പരിശോധിച്ചുമാത്രമേ തീരുമാനം എടുക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here