സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശക്തമായ മിന്നലോടെ മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് മരങ്ങള്‍ക്കടിയില്‍ അഭയം തേടരുതെന്ന് മുന്നറിയിപ്പു നല്‍കുന്നതെന്നു വെളിപ്പെടുത്തുന്നതാണ് ഈ വിഡിയോ.
വണ്ടര്‍ ഓഫ് സയന്‍സ് പങ്കുവച്ചിരിക്കുന്ന വിഡിയോയില്‍ ഇടിമിന്നലേറ്റ് പച്ചമരത്തില്‍ തീ പടരുന്നത് കൃത്യമായി കാണാന്‍ കഴിയും. മരത്തിനു മുകളില്‍നിന്ന് താഴേയ്ക്ക് അതിശക്തമായി തീ ആളി എത്തുന്നതു കാണാം. ഈ സമയത്ത് മരത്തിനടിയില്‍ ആളുകളുണ്ടെങ്കില്‍ ശക്തമായ മിന്നല്‍ ഏല്‍ക്കുമെന്ന് ഉറപ്പാണ്.
This is why you should never stand under a tree during a storm.
Credit: tomasgesu/TikTokpic.twitter.com/cf1VBIp9Gq
— Wonder of Science (@wonderofscience) June 13, 2022
ജാഗ്രത പുലര്‍ത്തണം
ഇടിമിന്നലോടുകൂടിയ മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്തു പോകരുത്. കുട്ടികളെ ഉച്ചക്കു 2 മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യസഹായം എത്തിക്കണം.