തിരുവനന്തപുരം/ കോഴിക്കോട്/ കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന്‍റെ പേരിൽ ഇന്നലെ സംസ്ഥാനത്തുണ്ടായത് സംഘർഷഭരിതമായ ഒരു രാത്രികാലമാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് നേരെ വൈകിട്ടോടെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. കണ്ണൂരിൽ ഡിസിസി ഓഫീസിന് നേരെയും ആക്രമണം നടന്നു.
കോഴിക്കോട് പേരാമ്പ്ര കോൺഗ്രസ് ഓഫീസിന് നേരെ നാടൻ ബോംബേറുണ്ടായി. അർദ്ധരാത്രി 12.55-ഓടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് വലിയ കേടുപാടുകളാണ് ഉണ്ടായത്. കണ്ണൂർ പയ്യന്നൂരിൽ കാറമേൽ പ്രിയദർശിനി യൂത്ത് സെന്‍റർ അടിച്ചുതകർത്തു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ്.
ഇന്നലെ സംഭവിച്ചതെന്ത്?
ആലപ്പുഴയിലായിരുന്നു ആദ്യത്തെ അക്രമം. ലീഗ് ജില്ലാ കൺവെൻഷൻ വേദിക്ക് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മർദ്ദിച്ചെന്ന് ആരോപണം ഉയർന്നു. ടൗൺഹാളിന് മുന്നിൽ ഇരുപക്ഷവും തമ്മിൽ സംഘർഷം നടന്നു.
പത്തനംതിട്ട അടൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു. തുടർന്ന് കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ വഴിനീളെ പ്രതിപക്ഷ പാർട്ടികളുടെ ഫ്ലക്സ് ബോർഡുകൾ കീറിയെറിഞ്ഞു. മര്യാദ കേട് എപ്പോഴും സഹിച്ചെന്ന് വരില്ലെന്നും സഹികെട്ടാൽ ശക്തമായി പ്രതികരിച്ചെന്ന് വരുമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ഷിജു ഖാൻ പറഞ്ഞു. തുമ്മിയാൽ ഒലിച്ച് പോകുന്നതേ ഉള്ളു യൂത്ത് കോൺഗ്രസിന്റെ ഗർവെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട നഗരത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപി കൊടി നശിപ്പിക്കുന്നത് പൊലീസ് തടഞ്ഞതോടെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസിന്റെയും ഡിവൈഎഫ്ഐയുടെയും പ്രകടനങ്ങൾ നേർക്കുനേർ എത്തിയതോടെ അത് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കി. നിരവധി പേർക്ക് പരിക്കേറ്റു.
പിന്നാലെയാണ് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവന് നേരെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരം ഇടപ്പഴഞ്ഞി ഭാഗത്ത് നിന്ന് പ്രകടനമായെത്തിയ സിപിഎം പ്രവർത്തകർ വെള്ളയമ്പലത്ത് ഇന്ദിര ഭവന് സമീപമെത്തിയതോടെ ഗേറ്റിന് അകത്ത് കടന്ന് കാർ അടിച്ചുതകർക്കാൻ ശ്രമിച്ചു. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കോൺഗ്രസ് നേതാക്കളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ഈ സമയത്ത് എകെ ആന്റണി ഓഫീസിനകത്ത് ഉണ്ടായിരുന്നു.
കാസർകോട് നീലേശ്വരത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനമായെത്തി അടിച്ചുതകർത്തു. കണ്ണൂരിൽ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ സിപിഎം പ്രവർത്തകരുടെ പ്രകടനത്തിനിടെ നശിപ്പിച്ചു. കൊല്ലം ചവറ പന്മനയിൽ കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനിടെയാണ് സംഘർഷം. ഇതിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഇക്ബാലിന്റെ തലയ്ക്ക് പരിക്കേറ്റു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. കണ്ണൂർ തലശ്ശേരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ എൽ എസ് പ്രഭു മന്ദിരത്തിന് നേരെ അക്രമം നടന്നു. ഓഫീസിന്റെ നെയിം ബോർഡും, ജനൽച്ചില്ലുകളും സിപിഎം പ്രവർത്തകർ തകർത്തു. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. വാഹനത്തിന് സൈഡ് മിറർ പൊട്ടി. തൊടുപുഴ ഗാന്ധി സ്ക്വയറിൽ വെച്ച് പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് സിപി മാത്യുവിന്റെ കാർ ആക്രമിച്ചത്.
തിരുവനന്തപുരം പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസിന് നേരെ അക്രമം ഉണ്ടായി. ഓഫീസിന് മുന്നിലെ ബോർഡുകളും മറ്റും സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കൊല്ലം പരവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും സി പിഎം – ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ച് തകർത്തു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ കണ്ണൂർ ആദൂരിലെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെ കല്ലേറുണ്ടായി. സി പി എം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.
കെപിസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ സിപിഎം സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പതാകകൾ കത്തിച്ചു. പ്രവർത്തകർ വെള്ളയമ്പലം – ശാസ്തമംഗലം റോഡ് ഉപരോധിച്ചു. കൊച്ചി നഗരത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. ടയർ കത്തിച്ച് റോഡിലിട്ടു. എംജി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
ചാലക്കുടിയിൽ ഡിവൈഎഫ്ഐ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിലേക്ക് കല്ലേറുണ്ടായി. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തു. കൊല്ലം പഴയാറ്റൻ കുഴിയിൽ കോൺഗ്രസിന്റെ കൊടിമരങ്ങൾ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് ക്യാമ്പ് ചെയ്യുകയാണ് ഇപ്പോഴും.
കോട്ടയം കുമാരനല്ലൂരിൽ കോൺഗ്രസിന്റെ സ്മൃതി മണ്ഡപം തകർക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചു. സി പി എം കുമാരനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കണ്ണൂരിൽ അക്രമത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്, സി പി എം ജില്ലാ കമ്മറ്റി ഓഫീസുകൾക്ക് അടക്കം പോലീസ് സുരക്ഷ ഏർപ്പെടുത്തി. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ വീടിനും പോലീസ് കാവൽ ഏർപ്പെടുത്തി.
കോഴിക്കോട് പേരാമ്പ്ര നൊച്ചാട് സംഘർഷമുണ്ടായി. സി പി എം പ്രവർത്തകർ കോൺഗ്രസ്സ് ഓഫീസ് തകർത്തു. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സി പി എം പ്രവർത്തകർ ആക്രമിച്ചു. കാസർകോട് പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. കാലിക്കടവ് ടൗണിലുള്ള കോൺഗ്രസ് ഓഫീസിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് അക്രമം നടത്തിയത്. ജനൽ ചില്ലുകളും കസേരകളും വാൾ ഫാനും സ്റ്റൂളുകളും ട്യൂബ് ലൈറ്റുകളും അടിച്ച് തകർത്തിട്ടുണ്ട്.
കോഴിക്കോട് നരിക്കുനിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം സിപിഎം പ്രവർത്തകർ ബസ് സ്റ്റാൻഡിൽ വച്ച് തടഞ്ഞു. ഇതിനെച്ചൊല്ലി സംഘർഷമുണ്ടായി. മുഖാമുഖം നിന്ന് ഇരു പാർട്ടി പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു. കൊടി പിടിച്ച് വാങ്ങിയതിനെച്ചൊല്ലി തർക്കമുണ്ടായി. ഡിവൈഎഫ്ഐ നേതാവും മാവേലിക്കര എം എൽ എയുമായ അരുണിന്റെ വാഹനം നെടുമങ്ങാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
തിരുവനന്തപുരം പനച്ചമൂട്ടിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ്സ് സംഘർഷം ഉണ്ടായി. പോലീസ് ലാത്തി വീശി. പരിക്കേറ്റ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെള്ളറട കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. കോഴിക്കോട് മാവൂർ, നൊച്ചാട്, പുതിയങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ തങ്ങളുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടതായി കോഴിക്കോട് ഡിസിസി പരാതിപ്പെട്ടു.
കോഴിക്കോട് പയ്യോളി കല്ലുംപുറത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമമുണ്ടായി. ഓഫീസിന്‍റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കോഴിക്കോട് പേരാമ്പ്ര നൊച്ചാടും സംഘർഷമുണ്ടായി. സിപിഎം പ്രവർത്തകർ കോൺഗ്രസ്സ് ഓഫീസ് തകർത്തു. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി.
കാസർകോട് പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. കാലിക്കടവ് ടൗണിലുള്ള കോൺഗ്രസ് ഓഫീസിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് അക്രമം നടത്തിയത്. ജനൽ ചില്ലുകളും കസേരകളും വാൾ ഫാനും സ്റ്റൂകളും ട്യൂബ് ലൈറ്റുകളും അടിച്ച് തകർത്തിട്ടുണ്ട്. ഒരു സംഘം സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
പത്തനംതിട്ട പന്തളം കുന്നിക്കുഴി ജംക്ഷനിലെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി പ്രതിമകൾ ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തു. പത്തനംതിട്ടയിൽ മുസ്ലീം ലീഗും പ്രതിഷേധപ്രകടനം നടത്തി. ഡിവൈഎഫ്ഐ പ്രകടനത്തിനിടെ ലീഗിന്‍റെ ഫ്ലെക്സ് ബോർഡുകൾ തകർത്തെന്നാരോപിച്ചായിരുന്നു പ്രകടനം.
കൊല്ലം കുന്നിക്കോട് കോണ്‍ഗ്രസ് നടത്തിയ പ്രകടനം പോലീസ് തടഞ്ഞു. പ്രവർത്തകർ കൊല്ലം തിരുമംഗലം ദേശീയപാത ഉപരോധിച്ചു.
അതേസമയം, കണ്ണൂർ ഡിസിസിയുടെ അറിവോടെയോ സമ്മതത്തോടെയോ കൂടിയല്ല പ്രതിഷേധക്കാർ വിമാനത്തിൽ കയറിയതും പ്രതിഷേധിച്ചതുമെന്നാണ് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് വ്യക്തമാക്കുന്നു. പ്രവർത്തർ സ്വന്തം നിലയ്ക്കാണ് പ്രതിഷേധിച്ചത്. കണ്ണൂരിൽ സിപിഎം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്നും മാർട്ടിൻ ജോർജ് ആരോപിക്കുന്നു. രാത്രി മുഴുവൻ ഡിസിസി ഓഫീസിന് സുരക്ഷ ഒരുക്കേണ്ട സ്ഥിതിയാണെന്നും മാർട്ടിൻ ജോർജ്.
ഇതിനിടെ തൃശ്ശൂർ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമാർച്ചിൽ പ്രവർത്തകർ റോഡിലെ സിപിഎം ബോർഡുകൾ അടിച്ചുതകർത്തു. പ്രകടനം പൊലീസ് തടഞ്ഞതോടെ അർദ്ധരാത്രി വരെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
നേതാക്കളുടെ വീടിന് കാവൽ
മുഖ്യമന്ത്രിക്കെതിരെയായ വിമാനത്തിലെ പ്രതിഷേധത്തോടെ കണ്ണൂർ ജില്ലയിൽ പലയിടത്തും അക്രമം തുടർക്കഥയായതോടെ കോൺഗ്രസ്, സിപിഎം ജില്ലാ കമ്മറ്റി ഓഫീസുകൾക്ക് ഉൾപ്പെടെ പോലീസ് സുരക്ഷ ഏർപ്പെടുത്തി. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്‍റലിജൻസ് വിവരം ലഭിച്ചതോടെയാണിത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്റെ വീടിനും പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിനെല്ലാമിടയിൽ സുധാകരന്‍റെ ഭാര്യാസഹോദരിയുടെ ആഡൂരിലെ വീടിന് നേരെ കല്ലേറുണ്ടായി. ജില്ലയിലേക്ക് മറ്റിടങ്ങളിൽ നിന്നും കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്‍റലിജൻസ് വിവരമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഇടത് മുന്നണി കൺവീനർ ഇപി ജയരാജന്‍റെയും വീടുകൾക്കും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ടി സിദ്ദിഖിനെതിരെ കേസ്
ഇതിനിടെ കൽപ്പറ്റയിലെ കോൺഗ്രസ് പ്രതിഷേധപ്രകടനത്തിന്‍റെ പേരിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖിനെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കൽപ്പറ്റ നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് കേസ്.