പുണെ: ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി വക്താവ് നൂപുർ ശർമ്മക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പൂനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മെയ് 28 ന് ജ്ഞാനവാപി വിഷയത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതിക്കാരൻ വ്യക്തമാക്കി. അതേസമയം, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ആദ്യം വിമുഖത കാട്ടിയെങ്കിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ മുസ്ലീം സംഘടനകൾ സമ്മർദ്ദം ചെലുത്തിയതോടെയാണ് പരാതി രജിസ്റ്റർ ചെയ്തതെന്നും പരാതിക്കാരൻ പറഞ്ഞു.
നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. 153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ് മുംബൈ പോലീസും രജിസ്റ്റർ ചെയ്തിരുന്നു.