കാസർകോട് ബി.ജെ.പിയിലെ ഭിന്നത വീണ്ടും പുറത്ത്; സംസ്ഥാന സെക്രട്ടറിക്കെതിരെ പലയിടത്തും ഫ്ലക്സ് ബോർഡുകൾ

0
236

കാസർകോട്: ജില്ലയിൽ ബി.ജെ.പിയിലെ വിഭാഗീയത വീണ്ടും മറനീക്കി. പരിഹാരശ്രമങ്ങൾ നടക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറിക്കെതിരെ ജില്ലയിൽ പലയിടത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന സെക്രട്ടറിയും മുൻ ജില്ല പ്രസിഡന്റുമായ അഡ്വ. കെ. ശ്രീകാന്തിനെതിരെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ചെരിപ്പും ചൂലും ഉപയോഗിച്ച് മാലയിട്ട നിലയിലാണ് ബോർഡുകൾ. ‘സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി ജില്ലയിൽ ബി.ജെ.പിയെ തകർക്കാൻ ശ്രമിക്കുന്ന മുൻ ജില്ല പ്രസിഡന്റിന് പാർട്ടി പ്രവർത്തകർ നൽകിയ ആദരം’ എന്ന് മലയാളത്തിലും കന്നടയിലും എഴുതിയതാണ് ഫ്ലക്സ് ബോർഡുകൾ.

കാസർകോട് നഗരത്തിലും മഞ്ചേശ്വരം, ഹൊസങ്കടി എന്നിവിടങ്ങളിലുമാണ് ഫ്ലക്‌സുകൾ രാവിലെ പ്രത്യക്ഷപ്പെട്ടത്. ഇതോടെ, അൽപമൊന്ന് അടങ്ങിയെന്നു തോന്നിയ വിഭാഗീയത വീണ്ടും ചർച്ചയായി. മാസങ്ങൾക്കുമുമ്പ് ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടുന്നതിലേക്ക് വരെ ജില്ലയിലെ വിഭാഗീയത എത്തിയിരുന്നു. ഫെബ്രുവരി 20നായിരുന്നു ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ച് ജില്ല കമ്മിറ്റി ഓഫിസ് ഇരുനൂറോളം വരുന്ന പ്രവർത്തകർ താഴിട്ട് പൂട്ടി ഉപരോധിച്ചത്.

കുമ്പളയിൽ ബി.ജെ.പി-സി.പി.എം ധാരണയിൽ വിജയിച്ച സ്ഥിരംസമിതി ചെയർമാൻമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അന്നത്തെ പ്രതിഷേധം. സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റിയംഗം സുരേഷ്കുമാർ ഷെട്ടി എന്നിവർക്കെതിരെ നടപടിയും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുമ്പളയിൽ ബി.ജെ.പി-സി.പി.എം ധാരണയിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥിരംസമിതി ചെയർമാൻമാർ രാജിവെച്ചെങ്കിലും വിഭാഗീയത തുടർന്നു. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റും കാസർകോട് നഗരസഭ കൗൺസിലറുമായ പി. രമേശൻ ഉൾപ്പെടെ ഒട്ടേറെ പേർ ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹിത്വം രാജിവെക്കുകയും ചെയ്തു.

ഫെബ്രുവരിയിൽ ഓഫിസ് പൂട്ടിയ സംഭവങ്ങൾക്കുശേഷം വിഭാഗീയത പുറത്ത് അധികം പ്രകടമായിരുന്നില്ല. സംസ്ഥാന നേതൃത്വം ഇടപെട്ട് അനുരഞ്ജന ചർച്ചകൾ പലതവണ നടത്തി. സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്നതിനാൽ ഒന്നും ചെയ്യാനില്ലെന്നാണ് ഇക്കാര്യത്തിൽ ജില്ല നേതൃത്വത്തിന്റെ നിലപാട്.

പരിഹാരം നീണ്ടുപോകുന്നതിനാലാണ് വിമതർ സംസ്ഥാന സെക്രട്ടറിക്കെതിരെ ഫ്ലക്സ് ബോർഡുമായി രംഗത്തെത്തിയതെന്നാണ് സൂചന. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ വിമതപക്ഷത്തുനിന്ന് ആരും സന്നദ്ധരായില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here