കൊച്ചി: കറുത്ത മാസ്ക് അഴിപ്പിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നൽകി അഭിഭാഷകൻ. അഡ്വ. സേതുകുമാർ ആണ് ഡിജിപിക്ക് പരാതി നൽകിയത്. സുരക്ഷയുടെ പേരിൽ കറുത്ത മാസ്ക് ഊരുന്നത് നിയമവിരുദ്ധമാണ്. കോട്ടയത്ത് തന്നെ തടഞ്ഞ് നിർത്തിയ പൊലീസ് കറുത്ത മാസ്ക് മാറ്റാൻ അവശ്യപ്പെട്ടുവെന്നാണ് അഡ്വ. സേതുകുമാറിന്‍റെ പരാതി. ഏത് മാസ്ക് ധരിക്കണം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ഇത് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടപടി വേണമെന്ന് ആവസ്യപ്പെട്ട അഭിഭാഷകൻ, വിഷയത്തില്‍ നാളെ ഹൈക്കോടതിയെയും സമീപിക്കുമെന്ന് അറിയിച്ചു.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനത്തെ വഴിതടഞ്ഞയുകയും കറുത്ത മാസ്ക് അഴിപ്പിക്കുകയും ചെയ്ത പൊലീസ് നടപടി വന്‍ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. സുരക്ഷയുടെ പേരിൽ മലപ്പുറത്തും പൊതുജനങ്ങളുടെ കറുത്ത മാസ്കുകൾ പൊലീസ് അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം പൊലീസ് തന്നെ മഞ്ഞ മാസ്ക് നൽകുകയും ചെയ്തു. എന്നാല്‍, കനത്ത സുരക്ഷയ്ക്കിടയിലും വഴിനീളെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. കണ്ണൂരിലും പാലക്കാട്ടും കറുപ്പണിഞ്ഞ് പ്രതിഷേധക്കാരെത്തി. എന്നാല്‍, കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം എന്നായിരുന്നു എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍റെ ചോദ്യം. അക്രമമാണോ ജനാധിപത്യമെന്നും ഇ പി ജയരാജന്‍ ചോദിച്ചു.