എലികളുടെ വിളയാട്ടം, കര്‍ണാടക പൊലീസ് സ്‌റ്റേഷനില്‍ ‘പൂച്ചപ്പൊലീസ്’ ഇറങ്ങി!

0
166

പൊലീസ് സ്‌റ്റേഷന്‍ എലികള്‍ ആക്രമിച്ചാല്‍ പൊലീസുകാര്‍ എന്തു ചെയ്യും? ലാത്തിയും തോക്കും കണ്ണീര്‍ വാതകവുമൊന്നും ചെലവാകാത്ത സാഹചര്യത്തില്‍, അവര്‍ ഇപ്പോള്‍ അതിപുരാതനമായ ആ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്-പൂച്ചകള്‍!

അതെ, എലികള്‍ കയറി നിരങ്ങുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ പൊലീസ് സ്‌റ്റേഷനില്‍ പൂച്ചകളെ ഇറക്കിയിരിക്കുകയാണ്.  ബംഗളുരു നഗരത്തില്‍നിന്നും 80 കിലോ മീറ്റര്‍ അകലെ ഗൗരിബിദനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് ഒടുവില്‍ ‘പൂച്ചപ്പൊലീസ്’ ഇറങ്ങിയത്. 

2014-ല്‍ സ,ഥാപിച്ച പൊലീസ് സ്‌റ്റേഷനില്‍ ഈയിടെയായാണ് കടുത്ത എലി ശല്യം തുടങ്ങിയത്. എലികള്‍ ചുമ്മാ ഓടിനടക്കുകയല്ല, പ്രധാനപ്പെട്ട പല ഫയലുകളും കരണ്ടു നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെയാണ്, സഹികെട്ട പൊലീസ് അധികൃyര്‍ പുതിയ മാര്‍ഗത്തെ കുറിച്ച് ആലോചിച്ചത്. ഇതിനായി, രണ്ട് പൂച്ചകളെയാണ് പുതുതായി പൊലീസ് സ്‌റ്റേഷനില്‍ ഇറക്കിയതെന്ന് സ്‌റ്റേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് സ്‌റ്റേഷനടുത്തുള്ള തടാകത്തില്‍നിന്നാവണം എലികള്‍ സ്‌റ്റേഷന്‍ ‘ആക്രമിക്കാന്‍’ എത്തിയതെന്ന് ഗൗരിബിദനൂര്‍ പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ”പൊലീസ് സ്‌റ്റേഷനാണ് പറ്റിയ സ്ഥലമെന്ന് തോന്നിയതിനാലാവണം എലികള്‍ കുറച്ചു നാളായി ഇവിടെ കറങ്ങിനടക്കുകയാണ്. അങ്ങനെയാണ് ഒരു പൂച്ചയെ വാങ്ങി സ്‌റ്റേഷനില്‍ വളര്‍ത്തിയത്. അതോടെ എലി ശല്യം കുറഞ്ഞു. അതോടെ ഒരു പൂച്ചയെ കൂടി വാങ്ങി. ഇതിനകം ഈ പൂച്ചകള്‍ പല എലികളെയും കൊന്നുകഴിഞ്ഞു.”

പൊലീസ് സ്‌റ്റേഷന്‍ ഇപ്പോള്‍ എലികളുടെ താവളമാണ്. ലോക്കപ്പിലും മറ്റ് മുറികളിലുമെല്ലാം അവറ്റകളുടെ ശല്യമുണ്ട്. ഫയലുകള്‍ സൂക്ഷിക്കുന്ന സ്‌റ്റോര്‍ റൂമിലും എലികള്‍ കയറിയിറങ്ങുന്നു. നിരവധി സുപ്രധാന ഫയലുകള്‍ അവ നശിപ്പിച്ചു. പൂച്ചകള്‍ക്ക് പാലും ഭക്ഷണവും കൊടുക്കുന്നുണ്ട്. അവ ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഒരു കുടുംബം പോലെ കഴിയുകയാണ്.”-എസ് ഐ വിജയകുമാര്‍ പറയുന്നു.

കര്‍ണാടകത്തിലെ പല സര്‍ക്കാര്‍ വകുപ്പുകളും എലികളെയും കൊതുകുകളെയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഇതിനായി ഏറെ തുക സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. എലികളുടെയും കൊതുകുകളുടെയും ശല്യം പരിഹരിക്കാന്‍ കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി ഒരു വര്‍ഷം അര ലക്ഷം രൂപ ചെലവഴിക്കുന്നതായാണ് ഈയിടെ പുറത്തുവന്ന വിവരാവകാശ േരഖകള്‍ വ്യക്തമാക്കുന്നത്. 2010-15 കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എലികളെ പിടിക്കുന്നതിന് മാത്രമായി 19.34 ലക്ഷം രൂപ ചെലവഴിച്ചതായാണ് മറ്റൊരു വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here