ദില്ലി: ബിജെപി നേതാവിന്റെ മതനിന്ദ പരാമർശത്തിൽ രാജ്യത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തിയതിൽ കടുത്ത എതിർപ്പുയർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ചില വ്യക്തികളുടെ പ്രസ്താവന രാജ്യം ഭരിക്കുന്ന സർക്കാരിൻറെ നിലപാടല്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കി.
ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയുടെ ജനറൽ സെക്രട്ടേറിയേറ്റ് പുറത്തുവിട്ട പ്രസ്താവന തള്ളുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്തം ബച്ചി വ്യക്തമാക്കി. കേന്ദ്രസർക്കാർ എല്ലാ മതങ്ങളോടും ഉന്നതമായ ആദരവും ബഹുമാനവും വെച്ചുപുലർത്തുന്നതാണ്. ചില വ്യക്തികളാണ് മതങ്ങൾക്കെതിരെ വിമർശനം ഉയർത്തിയത്. അവരുടെ കാഴ്ചപ്പാടുകൾ ഒരു തരത്തിലും രാജ്യത്തിന്റെ കാഴ്ചപ്പാടുകളല്ല. ഇത്തരം പരാമർശം നടത്തിയവർക്കെതിരെ ഇതിനോടകം തന്നെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. നിക്ഷിപ്ത താത്പര്യത്തോടെയുള്ളതാണ് ഒഐസിയുടെ പ്രസ്താവന. സാമുദായികമായ കാഴ്ചപ്പാട് മാറ്റിവെച്ച് എല്ലാ മതങ്ങളോടും വിശ്വാസങ്ങളോടും ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടന ബഹുമാനം പുലർത്താൻ തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ബിജെപി വക്താക്കളായ നുപുര്‍ ശര്‍മ്മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ നടത്തിയ നബി വിരുദ്ധ പ്രസ്താവനകളും ട്വീറ്റുകളുമാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഖത്തറിലെ സമൂഹമാധ്യമങ്ങളില്‍ വിവാദം കൊഴുത്തു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളുടെ നിലപാട് ഇതാണെങ്കില്‍ ഉപരാഷ്ട്രപതിയെ ബഹിഷക്കരിക്കണമെന്ന ആഹ്വാനം പോലുമുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഖത്തര്‍ പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയും നിരാശയുമറിയിച്ചു. കുവൈറ്റും സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.ഒമാന്‍ ഗ്രാന്‍റ് മുഫ്തിയും നിലപാട് കടുപ്പിച്ചു. സര്‍ക്കാര്‍ നിലപാട് ഇതല്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ സമാൂഹിക വിരുദ്ധരാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്ന് പറഞ്ഞു.തുടര്‍ന്ന് ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയെെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ബിജെപി, നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു. ആരുടെയും മത വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും നടപടി നേരിട്ട നേതാക്കള്‍ പ്രതികരിച്ചു.
ഉഭയകക്ഷി ബന്ധത്തെ പോലും ബാധിക്കുമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നത് സര്‍ക്കാരിനുണ്ടാക്കിയ സമ്മര്‍ദ്ദം ചെറുതല്ല. ഇരുവര്‍ക്കുമെതിരായ നിയമ നടപടികളിലെ തുടര്‍നീക്കങ്ങളും അന്താരാഷ്ട്ര തലത്തില്‍ നിര്‍ണ്ണായകമാകും. അതേ സമയം ഇന്നത്തെ അനുഭവം ബിജെപിക്കും സര്‍ക്കാരിനും പാഠമായെന്നും നിലപാട് തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാണോയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചു.
Our response to media queries regarding recent statement by General Secretariat of the OIC:https://t.co/961dqr76qf pic.twitter.com/qrbKgtoWnC
— Arindam Bagchi (@MEAIndia) June 6, 2022