റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെക്കാനെത്തിയതാണോ എന്ന് ചോദിച്ച് മര്‍ദ്ദിച്ചു; പരാതി കൊടുത്താല്‍ തീര്‍ത്തുകളയുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തകന്‍

0
207

കോഴിക്കോട്: കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കോഴിക്കോടേക്ക് ട്രെയിന്‍ കയറാന്‍ നില്‍ക്കവെ പൊലീസുകാര്‍ അപമര്യാദമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തകന്‍.

വര്‍ത്തമാനം ദിനപ്പത്രത്തിന്റെ എഡിറ്റര്‍ ആസിഫ് അലിയാണ് പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മെയ് പത്താം തീയതിയായിരുന്നു സംഭവം.

സിവില്‍ പൊലീസുകാരനായ വിശാഖ് വി.ജി, സബ് ഇസ്‌പെക്ടര്‍ രഞ്ജു ആര്‍.എസ്, ഇവരുടെയൊപ്പം റെയില്‍വേ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് ആസിഫ് അലി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ തന്നെ സിവില്‍ പൊലീസുകാരനായ വിശാഖ് വി.ജി തടഞ്ഞുനിര്‍ത്തിയെന്നും വളരെ അപമര്യാദയില്‍ ഐ.ഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടെന്നും തന്നെ മാത്രം തടയുന്നതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ ‘എനിക്കിഷ്ടമുള്ളവരെ ചെക്ക് ചെയ്യാനാണ് യൂണിഫോമിട്ട് ഇവിടെ നില്‍ക്കുന്നത്’ എന്ന് പറഞ്ഞ് മറ്റ് യാത്രക്കാരുടെ മുന്നില്‍വെച്ച് അപമാനിച്ചെന്നുമാണ് ആസിഫ് അലി പരാതിയില്‍ പറയുന്നത്.

ഇതിന് ശേഷം തന്നെ ബലമായി റെയില്‍വേ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയതായും സ്റ്റേഷന് പുറത്തുവെച്ച് സബ് ഇന്‍സ്പെക്ടര്‍ രഞ്ജു ആര്‍.എസ് കോളറില്‍ കയറിപ്പിടിക്കുകയും സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും കഴുത്തില്‍ ബലമായി പിടിച്ച് ചുമരിലേക്ക് തള്ളുകയും വാരിയെല്ലില്‍ പിടിച്ചമര്‍ത്തി ശ്വാസം മുട്ടിക്കുകയും ചെയ്തതായും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചതായും പിടിച്ച കൈ പിടിച്ച് ഞെരിച്ചതായും കംപ്ലെയിന്റ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ തെറിവിളിച്ചെന്നും വധഭീഷണി മുഴക്കിയെന്നും ട്രെയിനില്‍ ബോംബ് വെക്കാന്‍ പോകുന്നയാളാണോ എന്ന് പരിശോധിച്ചിട്ട് വിടാം എന്ന് പറഞ്ഞ് ബാഗ് തുറന്ന് പരിശോധിച്ചതായും ആസിഫ് അലി പരാതിയില്‍ ആരോപിക്കുന്നു.

തന്നെ ഉപദ്രവിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും ആസിഫ് അലി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ആസിഫ് അലി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം;

From
ASAF ALI VK
EDITOR
VARTHAMANAM DAILY
KOZHIKODE
9447270661

To
THE CHIEF MINISTER
KERALA

Sir,

10.05.2022 ഉച്ചക്ക് 12 മണിക്ക് കോഴിക്കോടേക്കുള്ള ട്രെയിന്‍ കയറാന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ എന്നെ VISAKH VG എന്ന സിവില്‍ പൊലീസുകാരന്‍ തടഞ്ഞുനിര്‍ത്തി. ട്രെയിന്‍ കയറാന്‍ ധൃതിയില്‍ ലഗേജുകളുമായി നടക്കുന്ന ഞാന്‍ കാര്യമറിയാതെ അമ്പരന്നു.
വളരെ അപമര്യാദയില്‍ പൊലീസുകാരന്‍ ഐ.ഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.

മറ്റ് യാത്രക്കാരൊക്കെ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് യാതൊരു ചെക്കിങ്ങുമില്ലാതെ കടന്നുപോകുമ്പോള്‍ എന്നെ മാത്രം തടയുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍ ”എനിക്കിഷ്ടമുള്ളവരെ ചെക്ക് ചെയ്യാനാണ് യൂണിഫോമിട്ട് ഇവിടെ നില്‍ക്കുന്നതെന്ന്” പറഞ്ഞ് മറ്റ് യാത്രക്കാരുടെ മുന്നില്‍വെച്ച് അപമാനിച്ചു. അതിനുശേഷം എന്നെ ബലമായി റെയില്‍വേ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ച് കൊണ്ടുപോയി.

VISHAKH VG ഫോണില്‍ വിളിച്ചുപറഞ്ഞത് പ്രകാരം സ്റ്റേഷന്‍ കവാടത്തില്‍ രഞ്ജു ആര്‍.എസ് എന്ന സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നാലോളം പൊലീസുകാര്‍ എന്നെ കൊണ്ടുവരുന്നതും കാത്തിരിക്കുന്നുണ്ടായിരുന്നു. സ്റ്റേഷന് പുറത്തുവെച്ച് തന്നെ രഞ്ജു ആര്‍.എസ് എന്ന സബ് ഇന്‍സ്പെക്ടര്‍ എന്റെ കോളറില്‍ കയറിപ്പിടിച്ച് ഒരു കുറ്റവാളിയെ എന്നവണ്ണം സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തില്‍ ബലമായി പിടിച്ചു ചുമരിലേക്ക് തള്ളി. വാരിയെല്ലില്‍ പിടിച്ചമര്‍ത്തി ശ്വാസം മുട്ടിച്ചു.

ചുറ്റുമുള്ള പോലീസുകാരും സബ് ഇസ്‌പെക്ടറും കേട്ടാലറക്കുന്ന അസഭ്യവര്‍ഷം നടത്തി. മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ച കൈ പിടിച്ച് ഞെരിച്ച് ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഞാന്‍ മാധ്യമ പ്രവര്‍ത്തകനാണെന്ന ഐ.ഡി (editor, VARTHAMANAM DAILY) ബാഗില്‍ നിന്ന് ലഭിച്ചപ്പോള്‍ ഇത് നീ എവിടുന്നു സംഘടിപ്പിച്ചു എന്ന് ചോദിച്ചായി തെറിവിളീകള്‍.

കേരളാ ഗവണ്‍മെന്റ് നല്‍കിയ ഐ.ഡിയാണെന്നും ഈ കാണിക്കുന്ന atrocity ഞാന്‍ കംപ്ലെയിന്റ് ചെയ്യുമെന്നും പറഞ്ഞപ്പോള്‍ എന്നെ നാലുഭാഗത്തും വളഞ്ഞുനിന്ന് വീണ്ടും തെറി വിളിയായി. പരാതി കൊടുത്താല്‍ നിന്നെ തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാം എന്ന് വധഭീഷണി മുഴക്കി. എനിക്ക് ട്രെയിന്‍ മിസ്സാവുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ബോംബ് വെക്കാന്‍ പോകുന്നയാളാണോ എന്നൊക്കെ പരിശോധിച്ചിട്ട് വിടാം എന്ന് പറഞ്ഞ് ബാഗൊക്കെ തുറന്നുനോക്കി. entry ഇടാതെ വിടരുതെന്ന് കംപ്യുട്ടറിനു മുമ്പില്‍ ഇരുന്ന ഉദ്യോഗസ്ഥനോട് രഞ്ജു ആര്‍.എസ് എന്ന സബ് ഇസ്‌പെക്ടര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.

കഴുത്തില്‍ ബലമായി പിടിച്ചുവെച്ചത് കാരണം എനിക്ക് നല്ല കഴുത്തു വേദനയും ശ്വാസതടസവും അനുഭവപ്പടുന്നുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. X ray എടുക്കുകയും, ഡോകടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിക്കുകയും ചെയ്തു. ജോലിയുടെ ഭാഗമായുള്ള എന്റെ യാത്ര മുടങ്ങി.

നിരവധി യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നില്‍വെച്ച് ഞാന്‍ അപമാനിതനായി. രഞ്ജു ആര്‍.എസ് എന്ന സബ് ഇസ്‌പെക്ടര്‍ VISAKH VG എന്ന പൊലീസുകാരന്‍ പറഞ്ഞതുപ്രകാരം സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് എന്നെ ദേഹോപദ്രവം ഏല്‍പിക്കുകയും അസഭ്യവര്‍ഷം നടത്തുകയും അധികാര ദുര്‍വിനിയോഗം നടത്തി എന്റെ ആത്മാഭിമാനത്തെ കളങ്കപെടുത്തുകയും എന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപെടുത്തുകയും ചെയ്തിരിക്കുന്നു.

പൊലീസെന്ന അധികാരം ഉപയോഗിച്ച് എന്നെ ഉപദ്രവിക്കുകയും അസഭ്യവര്‍ഷം നടത്തുകയും എന്റെ തൊഴിലിനെ നിന്ദ്യമായി പരിഹസിക്കുകയും എന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തി എന്നെ തടഞ്ഞുവെക്കുകയും ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജു, VISAKH VG എന്ന പൊലീസുകാര്‍ക്കും അവരോടൊപ്പം എന്നെ തെറിവിളിച്ച് തടഞ്ഞുനിര്‍ത്തിയ സ്റ്റേഷനില്‍ യൂണിഫോമിലും അല്ലാതെയും നിന്ന പൊലീസുകാര്‍ക്കും എതിരെ നടപടി എടുക്കണമെന്നും എനിക്ക് നീതി ലഭ്യമാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here