റിഫ മെഹ്നുവിന്‍റെ മരണം; ഭർത്താവ് മെഹ്നാസിന് മേല്‍ കുരുക്ക് മുറുകുന്നു,ലുക്ക് ഔട്ട് നോട്ടീസിറക്കും

0
384

കോഴിക്കോട്: മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനായി ലുക് ഔട്ട് നോട്ടീസ് ഇറക്കാനുളള നീക്കവുമായി അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് ഹാജാരാൻ സമയം നൽകിയിട്ടും മെഹ്നാസിനെ എത്താത്തതിനാലാണ് ലുക് ഔട്ട് നോട്ടീസ് ഇറക്കുക. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും അടുത്ത ദിവസം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ.

വ്ളോഗർ റിഫയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ പരാതി നൽകിയതോടെയാണ് കേസന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പിയും സംഘവും കഴിഞ്ഞ ദിവസം കാസർകോട്ടുളള മെഹ്നാസിന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും നേരിട്ട് കണ്ട് അന്വേഷണ സംഘം മൊഴിയെടുത്തെങ്കിലും മെഹ്നാസിനെ കണ്ടത്താനായില്ല. വ്യാഴാഴ്ചക്കകം കോഴിക്കോട്ടെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ മെഹ്നാസിന് സമയം നൽകിയിരുന്നു. എന്നാൽ പെരുന്നാളിന് ശേഷം യാത്ര പോയ മെഹ്നാസ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന മറുപടിയാണ് മാതാപിതാക്കൾ നൽകിയത്. നിലവിൽ മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ്സെടുത്തിട്ടുണ്ട്. മെഹ്നാസിൽ നിന്ന് കൂടുതൽ വിവരങ്ങളറിഞ്ഞാലേ തുടർനടപടികളിലേക്ക്  കടക്കാനാവൂ എന്ന ഘട്ടത്തിലാണ് അന്വേഷണ സംഘം.

മെഹ്നാസ്  സഹകരിക്കാത്തതിനെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസുൾപ്പെടെയുളള കടുത്ത നടപടികളേക്ക് കടക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. മെഹ്നാസ് രാജ്യം വിട്ടില്ലെങ്കിലും സംസ്ഥാനാതിർത്തി കടന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മുൻകൂർ ജാമ്യത്തിന് മെഹ്നാസ് ശ്രമിക്കുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ  രാസപരിശോധന ഫലവും കിട്ടിയ ശേഷം തുടർനടപടികളെടുത്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. മരണത്തിൽ ദുരൂഹതയാരോപിച്ച് റിഫയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് മറവ് ചെയ്ത മൃതദേഹം മൂന്ന് മാസങ്ങൾക്ക് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.

മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാക്കൂർ പൊലീസ് പിന്നീട് മെഹ്നാസിനെതിരെ കേസെടുത്തത്.

ആല്‍ബം നടി കൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here