ദുബൈ:മലയാളി വ്ളോഗര്‍ റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ദുബൈയിലേക്കും. ഭര്‍ത്താവ് മെഹ്നാസിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് റിഫയെ ദുബൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ അന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നെങ്കിലും മെഹ്നാസിനെ ഇതുവരെ പൊലിസ് ചോദ്യം ചെയ്തിട്ടില്ല.പോസ്റ്റ്മോര്‍ട്ടത്തില്‍ റിഫയുടെ കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടത് കൊലപാതക സാധ്യതയായിട്ടാണ് അന്വേഷണ സംഘം കരുതുന്നത്. പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് അന്വേഷണം വേഗത്തിലാക്കാനാണ്‌നീക്കം. മെഹ്നാസ് നാട്ടില്‍ ഉണ്ടെന്നാണ് പൊലിസ് നല്‍കുന്ന സൂചന. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നല്‍കിയിരുന്നത്.
ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്ത റിഫയുടെ അന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ഫോറന്‍സിക് വിഭാഗത്തിന് കൈമാറും.