മുംബൈ: രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ. കോൺഗ്രസിൽ ചേർന്നപ്പോൾ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് നഗ്മ പറയുന്നു. തനിക്കെന്ത് കൊണ്ട് അർഹതയില്ലെന്നും, കാത്തിരിക്കാൻ തുടങ്ങിയിട്ട് 18 വർഷമായെന്നും നഗ്മ തുറന്നടിക്കുന്നു. രാജ്യസഭ സീറ്റ് കിട്ടാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതിഷേധം അറിയിച്ചിരുന്നു.
”2003-04 വർഷത്തിൽ ഞാൻ കോൺഗ്രസിൽ ചേർന്നപ്പോൾ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വർഷങ്ങളുൾപ്പടെ, ഇപ്പോൾ 18 വർഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?”, നഗ്മ പുറത്തുവിട്ട ട്വീറ്റിൽ ചോദിക്കുന്നു.
SoniaJi our Congress president had personally committed to accommodating me in RS in 2003/04 whn I joined Congressparty on her behest we weren’t in power thn.Since then it’s been 18Yrs they dint find an opportunity Mr Imran is accommodated in RS frm Maha I ask am I less deserving
— Nagma (@nagma_morarji) May 30, 2022
പത്ത് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും, ആനന്ദ് ശർമ്മക്കും സീറ്റില്ല. എന്നാൽ മറ്റൊരു നേതാവായ മുകുൾ വാസ്നിക്കിന് രാജസ്ഥാനിൽ നിന്ന് സീറ്റ് നൽകിയിട്ടുണ്ട്. പി ചിദംബരം തമിഴ്നാട്ടിൽ നിന്നും, ജയ്റാം രമേശ് കർണ്ണാടകത്തിൽ നിന്നും രാജ്യസഭയിലെത്തും. രൺദീപ് സിംഗ് സുർ ജേവാല, രാജീവ് ശുക്ല തുടങ്ങിയ വിശ്വസ്തർക്കും നേതൃത്വം സീറ്റ് നൽകിയിട്ടുണ്ട്. അജയ് മാക്കൻ, രൺജീത് രഞ്ജൻ, വിവേക് തൻഖാ, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്.
ഇതിൽ ഉത്തർപ്രദേശിൽ നിന്നുള്ള നേതാവായ ഇമ്രാൻ പ്രതാപ് ഗഡിയുടെ സീറ്റിലാണ് നഗ്മയുടെ പ്രതിഷേധം. മഹാരാഷ്ട്രയിൽ നിന്നാണ് ഇമ്രാന് സീറ്റ് നൽകിയിരിക്കുന്നത്. ‘എന്‍റെ തപസ്യയിൽ എന്തെങ്കിലും കുറവുണ്ടായിരുന്നിരിക്കണം’, എന്ന് പ്രതിഷേധക്കുറിപ്പ് ട്വിറ്ററിലെഴുതിയ പവൻ ഖേരയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് നഗ്മ ഇങ്ങനെ എഴുതി. ‘എന്‍റെ 18 വർഷത്തെ തപസ്യ ഇമ്രാൻ ഭായ്ക്ക് മുന്നിൽ തകർന്ന് വീണു’.
അതേസമയം, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പിന്നാക്കവിഭാഗങ്ങളെ തഴഞ്ഞതിലും, സംസ്ഥാനനേതാക്കളെ പരിഗണിക്കാതിരുന്നതിൽ രാജസ്ഥാൻ ഘടകത്തിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പുറത്ത് നിന്നുള്ള നേതാക്കളെ പരിഗണിച്ചതിൽ അതൃപ്തി രാജസ്ഥാൻ ഘടകം നേരിട്ടറിയിച്ചു കഴിഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്ന് തന്നെയാണ് ഇവരുടെ ആവശ്യം. സംസ്ഥാന നേതാക്കളെ പരിഗണിച്ചില്ലെങ്കിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, സ്ഥാനാർത്ഥി പട്ടികയിൽ എത്ര പിന്നാക്കക്കാരുണ്ടെന്ന ചോദ്യവുമായി ഗുജറാത്തിന്‍റെ ചുമതലയുള്ള ജിതേന്ദ്ര ഭാഗേൽ രംഗത്തെത്തിയതും ശ്രദ്ധേയമായി. ഇതിനെല്ലാമിടയിൽ രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധമറിയിച്ചുള്ള തന്‍റെ നിലപാട് പവൻ ഖേര തിരുത്തി. പാർട്ടി തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് പവൻ ഖേര പറയുന്നു. അക്കാര്യത്തിൽ തർക്കമില്ലെന്നും പവൻ ഖേര ഇപ്പോൾ വ്യക്തമാക്കുന്നു.
അതേസമയം, ജാര്‍ഖണ്ഡ് രാജ്യസഭ സീറ്റ് ജെഎംഎം ഏറ്റെടുത്താല്‍ സഖ്യം ഉപേക്ഷിക്കുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ഘടകത്തിന്‍റെ അതൃപ്തി മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ സോണിയ ഗാന്ധി അറിയിച്ചു. തര്‍ക്കം രൂക്ഷമായതിനാല്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം സോണിയ ഗാന്ധി മുന്‍പോട്ട് വച്ചെങ്കിലും സോറന്‍ പ്രതികരിച്ചിട്ടില്ല.
57 സീറ്റുകളിലേക്ക് അടുത്ത പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് പത്ത് സീറ്റിലെങ്കിലും ജയിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.