മൊബൈൽ ഫോണിന്റെ അമിതോപയോ​ഗം; നഴ്‌സറികളിലെത്തിയാലും സംസാരിക്കാത്തവർ കൂടുന്നു

0
241

കൊല്ലം: മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുഞ്ഞുങ്ങളുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുന്നതായി കണ്ടെത്തൽ. കൊല്ലം വിക്ടോറിയ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. മനോജ് മണിയുടേതാണ് ഈ നിരീക്ഷണം.

വിക്ടോറിയ ആശുപത്രിയിൽ ‘സ്വപ്നച്ചിറക്’ പദ്ധതിപ്രകാരം നവജാതശിശുക്കളെ കൃത്യമായി നിരീക്ഷിച്ച അനുഭവത്തിന്റെയും ശേഖരിച്ച വിവരത്തിന്റെയും വെളിച്ചത്തിലാണ് ഡോക്ടറുടെ വിലയിരുത്തൽ.

പല കുടുംബങ്ങളിലെയും വർത്തമാനകാലചിത്രം കുഞ്ഞുങ്ങളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വ്യക്തമാക്കുന്നു.

പലപ്പോഴും കുഞ്ഞുങ്ങളുടെ കരച്ചിൽ ഒഴിവാക്കാനും അവരെ പിടിച്ചിരുത്താനുമായി മൊബൈൽ ഫോൺ കളിക്കാൻ കൊടുക്കുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്നതായി ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

വിക്ടോറിയ ആശുപത്രിയിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും തുടർപരിചരണം ലക്ഷ്യമിട്ട പദ്ധതിയിൽ 2022 ഫെബ്രുവരിവരെ 31,690 കുട്ടികളെയാണ് നിരീക്ഷിച്ചത്. അതിൽ 1,111 കുട്ടികൾക്ക് പ്രത്യേക തുടർപരിചരണം നിർദേശിച്ചു.

കുട്ടികളോടു സംസാരിക്കുകയോ വേണ്ടരീതിയിൽ ഇടപഴകുകയോ ചെയ്യാത്തതിനാൽ അവർ നടക്കാൻ വൈകുന്നു. ഭാഷ സ്വായത്തമാക്കാൻ സമയമെടുക്കുന്നു.

നഴ്‌സറികളിലെത്തിയാൽപ്പോലും സംസാരിക്കാത്തവരുടെ എണ്ണം കൂടുകയാണ്. മിക്ക കേസുകളിലും മൊബൈൽ ഫോണിന്റെ അമിത ഉപയോഗമാണ് വില്ലൻ. 20 ശതമാനത്തിനും അതാണ് പ്രശ്നമെന്ന് പദ്ധതി വിഭാവനംചെയ്ത ഡോ. മനോജ് മണി പറഞ്ഞു.

ഓട്ടിസം പരിശോധനയും

സ്വപ്നച്ചിറകിന്റെ പുതിയ പദ്ധതിയായി ഓട്ടിസം പരിശോധനയും തുടങ്ങുന്നു. 16 മാസംമുതൽ 30 മാസംവരെയുള്ള കുഞ്ഞുങ്ങളിലെ ഓട്ടിസം കണ്ടെത്താനുള്ള എം.ചാറ്റ്-ആർ പ്രകാരം പരിശോധിക്കുന്നതാണ് പദ്ധതി.

എല്ലാ ബുധനാഴ്ചയുമാണ് ഓട്ടിസം സ്ക്രീനിങ്‌ നടത്തുന്നത്. സംസ്ഥാനത്ത് മറ്റൊരു സർക്കാർ ആശുപത്രിയിലും ഇത്തരമൊരു പരിശോധനയില്ല. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ സാം കെ.ഡാനിയൽ പറഞ്ഞു.

സ്വപ്നച്ചിറക്

കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികളുടെ വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തും. നവജാതശിശു തുടർപരിചരണ ക്ലിനിക്ക് തയ്യാറാക്കിയ സ്ക്രീനിങ് ചാർട്ടും ഗ്രാഫുമെല്ലാമുള്ള ‘സ്വപ്നച്ചിറക്’ എന്ന പുസ്തകം ഓരോ കുട്ടിക്കും നൽകും. ഇതിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തും. ഇതിലെ സ്ക്രീനിങ് ചാർട്ട് പരിശോധിച്ച് കുട്ടികൾക്ക് എന്തെങ്കിലും പോരായ്മയുണ്ടോ എന്ന് രക്ഷിതാക്കൾക്കും നിർണയിക്കാനാകും.

പ്രതിരോധകുത്തിവെപ്പിന്റെ സമയം കംപ്യൂട്ടർ ഓർമപ്പെടുത്തുന്നമുറയ്ക്ക് രക്ഷിതാക്കളെ അറിയിക്കും. ആനുപാതികമായ തൂക്കമില്ലായ്മ, തൈറോയ്ഡ്, ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനം തുടങ്ങി ഡൗൺ സിൻഡ്രോം വരെയുള്ള എല്ലാ പ്രശ്നങ്ങളും പരിശോധിച്ച് തുടർപരിചരണം ഉറപ്പാക്കുന്നതാണ് പദ്ധതി. 2015-ൽ തുടങ്ങിയ പദ്ധതി ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതും ജില്ലാപഞ്ചായത്തിന് അംഗീകാരം നേടികൊടുത്തതുമാണ്. ആശുപത്രി സൂപ്രണ്ട് ‍‍ഡോ. കൃഷ്ണവേണി, ശിശുരോഗവിദഗ്ധൻ മനോജ് മണി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here