കോഴിക്കോട്: പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുക്കും. ഒരു മാസം മുമ്പ്കണ്ണീരോടെ കബറടക്കിയ മൃതദേഹം ശനിയാഴ്ച വീണ്ടും പുറത്തെടുക്കുമെന്ന് പറയുമ്പോഴും റിഫയുടെ രക്ഷിതാക്കളുടെ കണ്ണുകള്‍ നിറയുന്നുണ്ട്.
- ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ മോളുടെ മരണത്തിന്റെ പിന്നിലെ സത്യം പുറത്തുവരണമെങ്കില്‍ മയ്യത്ത് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്‌തേ തീരൂ. മോള്‍ക്ക് നീതി കിട്ടാന്‍ ഞങ്ങള്‍ എല്ലാം സഹിക്കും. അന്ന് മെഹ്നാസിനോട് ചോദിച്ചതാ അവിടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതാണോ എന്ന്. പോസ്റ്റ് മോര്‍ട്ടം ചെയ്‌തെന്നും ഒരു മണിക്കൂറില്‍ കൂടുതല്‍ മൃതദേഹം വെക്കാന്‍ പാടില്ലെന്നും അവനാ അന്ന് പറഞ്ഞത്. മെഹ്നാസാ മയ്യത്ത് ഖബറടക്കാന്‍ തിരക്ക് കൂട്ടിയത്.അവന്‍ ഞങ്ങളെ ചതിക്കുകയാണെന്ന് അന്ന് മനസ്സിലായില്ല.
പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ റിഫയുടെ പിതാവ് റാഷിദിന് വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. ഏറെ വേദനയുണ്ടെങ്കിലും തികഞ്ഞ പ്രതീക്ഷയിലാണ് കുടുംബം. എക്സ്ഹ്യുമേഷനിലൂടെ മരണത്തിലെ ദുരൂഹത പുറത്ത് വരുമെന്ന് തന്നെയാണ് റിഫയുടെ കുടുംബത്തിന്റെ പ്രതീക്ഷ
പലതവണ മകളെ ഉപദ്രവിച്ചിട്ടുണ്ട് കുഞ്ഞിനേയും നോക്കിയില്ല
സോഷ്യല്‍മീഡിയയില്‍ തിളങ്ങി നിന്നിരുന്ന ജീവിതം യഥാര്‍ഥത്തില്‍ അത്ര തിളക്കമുള്ളതായിരുന്നില്ലെന്നാണ് റിഫയുടെ പിതാവ് പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. മെഹ്നാസിനെ വിവാഹം കഴിക്കണമെന്ന് റിഫ പറഞ്ഞപ്പോള്‍ ആദ്യം എതിര്‍ത്തിരുന്നു. പക്ഷെ പിന്നീട് അവള്‍ വല്ലാതെ വാശി പിടിച്ചപ്പോള്‍ സമ്മതിക്കേണ്ടി വന്നു. അവളുടെ എല്ലാ വാശികള്‍ക്കും ചെറുപ്പം മുതല്‍ ഞാനാണ് കൂട്ടുനിന്നത്. അന്ന് വിവാഹത്തെ എതിര്‍ത്ത് നിന്നിരുന്നെങ്കില്‍ ഒരു പക്ഷേ എന്റെ മോളിന്ന് ജീവനോടെയുണ്ടായേനെ, റിഫയുടെ പിതാവ് പറയുന്നു. മെഹ്നാസ് മകളെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നു. പലപ്പോഴും അവളെക്കരുതിയാണ് ഒന്നും മിണ്ടാതിരുന്നത്.
- ഒരിക്കല്‍ കാലിനൊക്കെ പരിക്ക് പറ്റിയിരുന്നു. ദുബായിലേക്ക് പോകുന്നതിലും ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അവളുടെ നിര്‍ബന്ധത്തിനാണ് രണ്ട് പേരും പോയത്. അവിടെ പോയ ശേഷവും പ്രശ്‌നങ്ങളുണ്ടായിരുന്നു. റിഫ ജോലിയ്ക്ക് പോകുമ്പോള്‍ മകനെ നോക്കാന്‍ മെഹ്നാസിനെ ഏല്‍പ്പിച്ചാലും മെഹ്നാസ് കുട്ടിയുടെ കാര്യം ശ്രദ്ധിക്കില്ലായിരുന്നു. ഫോണിലായിരുന്നു മെഹ്നാസ് കൂടുതലും സമയം ചെലവഴിച്ചത്. കുട്ടി കരയാതിരിക്കാന്‍ ബക്കറ്റില്‍ വെള്ളം നിറച്ച് അതില്‍ കുഞ്ഞിനെ ഇരുത്തി ഫോണില്‍ ഗെയിമൊക്കെ കളിക്കും. കുട്ടിയ്ക്ക് എന്തെങ്കിലും അപകടം പറ്റുമോ എന്ന് പേടിച്ചാണ് അവസാനം മോള് കുട്ടിയെ ഇവിടെ ഞങ്ങളുടെ അടുത്താക്കി പോയതെന്നും റിഫയുടെ പിതാവ് പറഞ്ഞു. എന്റെ മോള് മരിച്ച ശേഷം ഒരിക്കല്‍ പോലും അവന്‍ കുട്ടിയെ കുറിച്ച് അന്വേഷിച്ചിട്ടില്ല. അവള്‍ മരിച്ച ശേഷം ഉള്ള ആദ്യ പെരുന്നാളാണ് ഇപ്പൊ കഴിഞ്ഞത്. അവനോ അവന്റെ വീട്ടുകാരോ ആരും ഒന്ന് വിളിച്ച് പോലും നോക്കിയിട്ടില്ല.
മരിക്കുന്ന അന്ന് രാത്രിയും അവള്‍ സന്തോഷത്തോടെ സംസാരിച്ചതാ, അവള്‍ ആത്മഹത്യ ചെയ്യില്ല
സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് റിഫ ദുബായിലേക്ക് പോയത്. ഇപ്പോള്‍ അത്യാവശ്യം വരുമാനം ഉണ്ടെന്നും എല്ലാം വേഗം ശരിയാകുമെന്നും റിഫ എപ്പോഴും പറയാറുണ്ടായിരുന്നു. മരിക്കുന്ന അന്ന് രാത്രി വളരെ സന്തോഷത്തോടെയാണ് റിഫ സംസാരിച്ചതെന്നും അവള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഉറച്ച് വിശ്വസിക്കുന്നുണ്ട് റിഫയുടെ കുടുംബം. അന്ന് രാത്രി റിഫ വീട്ടിലെത്താന്‍ വൈകിയതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് പറഞ്ഞതും ബന്ധുക്കള്‍ക്ക് സംശയം ഉണ്ടാക്കുന്നു. റിഫ ആശുപത്രിയിലാണെന്ന് അറിഞ്ഞ് ദുബായില്‍ തന്നെയുള്ള റിഫയുടെ സഹോദരന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ആ സമയത്ത് റിഫമരിച്ചെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ലൈവ് ഇടാനുള്ള ശ്രമത്തിലായിരുന്നു മെഹ്നാസ്. ആ സമയത്തേ സംശയം തോന്നിയ സഹോദരനെ മെഹ്നാസും സുഹൃത്തുക്കളും ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചു. ദുബായ് പോലീസ് ഇന്‍ക്വസ്റ്റ് മാത്രമാണ് നടത്തിയത്. പക്ഷെ പോസ്റ്റ്‌മോര്‍ട്ടം നടന്നെന്ന് കള്ളം പറഞ്ഞു.
സഹോദരന്‍ പരാതി നല്‍കാം എന്ന് പറഞ്ഞപ്പോള്‍ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞതാണെന്നും പരാതി നല്‍കിയാല്‍ മൃതദേഹം വിട്ടുകിട്ടാന്‍ കാലതാമസം എടുക്കുമെന്നും പറഞ്ഞ് സഹോദരനെ പിന്തിരിപ്പിച്ചു. നാട്ടിലെത്തിയിട്ടും ഇവര്‍ നാടകം കളിച്ചു. മൃതദേഹം വേഗം ഖബറടക്കാന്‍ നിര്‍ബന്ധിച്ചത് മെഹ്നാസാണ്. പലരേയും മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ല. പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ മെഹ്നാസ് പലതും പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് അന്വേഷിച്ചപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്ന കാര്യം അറിഞ്ഞതെന്നും റിഫയുടെ പിതാവ് റാഷിദ് പറഞ്ഞു. മകളുടെ പണവും ഫോണും വസ്ത്രങ്ങളും അടക്കം എല്ലാം മെഹ്നാസിന്റെ കയ്യിലാണുള്ളത്. ഫോണ്‍ തിരിച്ച് ചോദിച്ചിട്ട് തരാത്തതിലും ദുരൂഹതയുണ്ടെന്നും റാഷിദ് പറയുന്നു. അവന്‍ എന്തെങ്കിലും ചെയ്തതാകുമെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. അതുകൊണ്ടാണ് പോസ്റ്റ് മോര്‍ട്ടം ആവശ്യപ്പെട്ടതും അവനെതിരെ കേസ് കൊടുത്തതും. ഇനി ഒരു പെണ്‍കുട്ടിയ്ക്കും ഈ അവസ്ഥ വരാതിരിക്കാന്‍ സത്യം പുറത്ത് വരണമെന്നും അതിന് വേണ്ടി ഏതറ്റം വരെ പോകുമെന്നും റിഫയുടെ കുടുംബം പറഞ്ഞു.
എക്സ്ഹ്യുമേഷൻ ദുരൂഹതയുടെ ചുരുളഴിക്കുമോ
മറവ് ചെയ്ത മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നതിനേയാണ് എക്‌സ്ഹ്യൂമേഷന്‍ എന്ന് പറയുക. റിഫയുടെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് കുടുംബത്തിന്റേയും റിഫയുടെ ആരാധകരുടേയും അന്വേഷണ സംഘത്തിന്റേയും പ്രതീക്ഷ. ഈ പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നതാണ് ഫോറന്‍സിക് വിദഗ്ദ ഡോ. ഷേര്‍ളി വാസുവിന്റെ വാക്കുകള്‍. മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പിഎംസിടി സംവിധാനം ഉപയോഗിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്താല്‍ (വിര്‍ച്വല്‍ ഓട്ടോപ്‌സി) തന്നെ ഏറ്റവും മൈന്യൂട്ടായ ഫ്രാക്ചര്‍ വരെ കാണാന്‍ പറ്റും. കഴുത്തില്‍ ഉള്ള കെട്ടുപാടുകള്‍, ഒടിവ്, ചതവ്, ശരീരത്തില്‍ മര്‍ദനമേറ്റാലുള്ള ക്ഷതം അങ്ങനെ എല്ലാം വ്യക്തമാകും. ഇതിനൊപ്പം തന്നെ വിശദമായ നേരിട്ടുള്ള പരിശോധന അഥവാ ട്രെഡീഷണല്‍ ഓട്ടോപ്‌സി കൂടി ചെയ്യും. ഒപ്പം വിഷാംശം എന്തെങ്കിലും ഉണ്ടോ എന്നറിയാന്‍ സാംപിള്‍ കളക്ഷനും നടത്തും. ന്യൂജനറേഷന്‍ ഡ്രഗ്‌സിന്റെ സാന്നിധ്യം പലപ്പോഴും ഇതില്‍ കണ്ടെത്താന്‍ പറ്റില്ല, ചില വിഷാംശങ്ങള്‍ ഒരു മാസത്തില്‍ കൂടുതല്‍ നില്‍ക്കുകയും ഇല്ല, എങ്കിലും ചില വിഷാംശങ്ങളുടെ സാന്നിധ്യവും ഏതെങ്കിലും ചികിത്സയ്ക്കുള്ള മരുന്നുകള്‍ അമിതമായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ സാന്നിധ്യവും എല്ലാം ഇതിലൂടെ കണ്ടെത്താമെന്നും ഡോക്ടര്‍ ഷേര്‍ളി വാസു പറയുന്നു
നൊമ്പരമായി റിഫയുടെ കുഞ്ഞ്
മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ മുമ്പാണ് റിഫ കുഞ്ഞിനെ ദുബായില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുവന്നത്. 13 ദിവസത്തെ അവധിക്കാണ് നാട്ടില്‍ എത്തിയത്. 10 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് മൂന്ന് ദിവസം മകനും രക്ഷിതാക്കള്‍ക്കുമൊപ്പം താമസിച്ചു. എത്രയും പെട്ടന്ന് ഒരു വീടെന്ന ആഗ്രഹം പൂര്‍ത്തിയാക്കി മകന്റെ അടുത്തേക്ക് തിരിച്ചെത്തുമെന്നും അത് വരെ കുഞ്ഞിനെ നോക്കണം എന്നും പറഞ്ഞാണ് റിഫ തിരിച്ച് പോയത്. അന്ന് മുതല്‍ റിഫയുടെ രക്ഷിതാക്കളുടെ സംരക്ഷണത്തിലാണ് രണ്ട് വയസ്സ് തികയാത്ത കുഞ്ഞ്. ദിവസവും വീഡിയോ കോളില്‍ വിളിച്ച് മകനെ കളിപ്പിക്കാറുള്ള റിഫ ഇപ്പോള്‍ വിളിക്കാറില്ലെന്നേ കുഞ്ഞിനറിയൂ. റിഫയുടെ മരണ ശേഷം മെഹ്നാസ് ഒരിക്കലും കുഞ്ഞിനേ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. മകള്‍ പോയി പകരം ഉള്ളത് ഈ കുഞ്ഞാണ് അവന് വേണ്ടി ജീവിക്കാനാണ് റിഫയുടെ രക്ഷിതാക്കളുടെ തീരുമാനം. മകളോട് ഇത്രയും ക്രൂരത കാണിച്ച മെഹ്നാസിന് ഒരിക്കലും ഈ കുഞ്ഞിനെ വിട്ടു നല്‍കില്ലെന്നും റിഫയുടെ പിതാവ് റാഷിദ് പറഞ്ഞു.