മതവിദ്വേഷ പ്രസംഗം: പിസി ജോർജിനെതിരായ കേസിൽ അന്വേഷണം എസിപിക്ക് കൈമാറി; ജാമ്യ ഉത്തരവും പുറത്ത്

0
289

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ മുൻ എംഎൽഎ പിസി ജോർജിനെതിരായ കേസിൽ അന്വേഷണം തിരുവനന്തപുരം ഫോർട് എസിപിക്ക് കൈമാറി. നേരത്തെ ഫോർട് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്നു കേസ് അന്വേഷിച്ചത്. അതിനിടെ പിസി ജോർജിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് പുറത്തുവന്നു. പിസി ജോർജിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തെന്ന് ബോധ്യപ്പെടുത്താൻ പൊലീസിന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവിൽ ജാമ്യം അനുവദിക്കാൻ കാരണമായി വ്യക്തമാക്കിയിരിക്കുന്നത്.

മൂന്നു വർഷം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് പിസി ജോർജ് ചെയ്തിരിക്കുന്നതെന്നാണ് ആരോപണമെന്ന് കോടതി പറയുന്നു. എന്നാൽ എന്തുകൊണ്ട് അറസ്റ്റ് ചെയ്തുവെന്ന കാര്യം കോടതിയെ പൊലീസിന് ബോധ്യപ്പെടുത്താനായില്ല. 70 കഴിഞ്ഞ പൊതുപ്രവർത്തകനായ പിസി ജോർജിന് പ്രമേയ രോഗവുമുണ്ട്. സർക്കാർ അഭിഭാഷകൻ കേസിൽ ഹാജരായിരുന്നില്ല. പ്രോസിക്യൂഷൻ വാദം കേൾക്കാതെ ജാമ്യം അനുവദിക്കാൻ മുൻ കോടതി വിധികളുണ്ട്. മുമ്പ് സമാനമായ കേസുകൾ ജോർജിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. അതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

പിസി ജോർജ്ജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടർ നടപടികള്‍ക്കായി പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി. മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി. മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകണോ, അല്ല പിസി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ച കാര്യം മജിസ്ട്രേറ്റ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്.

ജാമ്യം ലഭിച്ച പിസി ജോർജ്ജ് മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെച്ച് മതവിദ്വേഷ പരാമ‍ർശങ്ങള്‍ വീണ്ടും ആവർത്തിച്ചിരുന്നു. നിയമോപദേശത്തിന് ശേഷമായിരിക്കും നാളെ പൊലീസ് തുടർ നടപടികൾ സ്വീകരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പിസി ജോർജ്ജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് തിരിച്ചടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here