മഞ്ചേശ്വരത്തും പരിസരങ്ങളിലും മോഷണം പതിവാകുന്നു

0
240

മഞ്ചേശ്വരം : മഞ്ചേശ്വരത്തും പരിസരങ്ങളിലും മോഷണം പതിവാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ എട്ടിടങ്ങളിലാണ് മോഷണം നടന്നത്. ഉപ്പള, മഞ്ചേശ്വരം, കുഞ്ചത്തൂർ എന്നിവിടങ്ങളിൽ രാത്രിയിലാണ് മോഷ്ടാക്കൾ വിഹരിക്കുന്നത്.

തുടർച്ചയായി ഉണ്ടാകുന്ന കവർച്ചയിൽ നാട്ടുകാർ ഭീതിയിലാണ്. വീടുകളും കടകളും കേന്ദ്രീകരിച്ചുണ്ടായ കവർച്ചയിൽ സ്വർണവും പണവും വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടവർ ഏറെയാണ്.

കഴിഞ്ഞദിവസം കുഞ്ചത്തൂരിൽ യത്തീംഖാന റോഡിന് സമീപത്തെ വീട് കുത്തിത്തുറന്ന് 18 പവനും പണവും മോഷ്ടിക്കപ്പെട്ടു. വീട്ടുകാർ ബന്ധുവിന്റെ വിവാഹത്തിന് പോയ സമയത്തായിരുന്നു വാതിൽ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. രണ്ട് ദിവസം മുൻപാണ് ഉപ്പള ഫിർദൗസ് നഗറിലെ അടച്ചിട്ട വീട്ടിൽനിന്ന് എട്ടുപവനും ഒരു ലക്ഷത്തിലേറെരൂപയും കവർന്നത്.

ഇവരുടെ കുടുംബം മുംബൈയിലാണ്. മുകൾനിലയിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കഴിഞ്ഞ ആറിന് പുലർച്ചെയാണ് ഹൊസങ്കടിയിൽ പ്രവർത്തിച്ചുവരുന്ന ഹോം സെന്റർ ഗൃഹോപകരണ ഷോറൂമിൽ കവർച്ച നടന്നത്. അകത്തുകടന്ന മോഷ്ടാക്കൾ ടി.വി., ഫാൻ തുടങ്ങിയ ഉപകരണങ്ങൾ നശിപ്പിക്കുകയും ഷോറൂമിൽ തീയിടുകയും ചെയ്തിരുന്നു.

ഒരാഴ്ച മുൻപ് കുഞ്ചത്തൂരിലെ ബേക്കറിയിൽ കയറിയ മോഷ്ടാക്കൾ മേശവലിപ്പിലുണ്ടായിരുന്ന 1200 രൂപ മോഷ്ടിച്ചു. ഒരുമാസം മുൻപ് ഹൊസങ്കടി ടൗണിൽ പുതുതായി ആരംഭിച്ച ബേക്കറിക്കടയിലും ടൗണിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലും മോഷണം നടന്നിരുന്നു. ബേക്കറിയിലെ സാധനങ്ങളും സി.സി.ടി.വി.യും നശിപ്പിച്ചിരുന്നു.

രാത്രിയിലാണ് മോഷ്ടാക്കൾ സജീവമാകുന്നത്. ആൾത്താമസമില്ലാത്തതും അടച്ചിട്ടതുമായ വീടുകളാണെന്നുറപ്പാക്കിയാണ് മോഷണം നടക്കുന്നത്. പലരും പോലിസിൽ പരാതി നൽകിയിരുന്നെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here