മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത ഉമ്മയെ ഉത്തര്‍പ്രദേശ് പൊലിസ് വെടിവെച്ചു കൊന്നു

0
276

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത മാതാവിനെ പൊലിസ് വെടിവച്ച് കൊന്നു. സിദ്ധാര്‍ത്ഥനഗര്‍ ജില്ലയിലെ സദര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊദ്രഗ്രാന്റ് ഗ്രാമത്തിലാണ് സംഭവം. അക്ബര്‍ അലി എന്നയാളുടെ ഭാര്യരോഷ്‌നി (50) ആണ് കൊല്ലപ്പെട്ടത്.

സംഭവം നടന്നയുടന്‍ പൊലിസ് സംഘം ഗ്രാമത്തില്‍ നിന്ന് കടന്നുകളഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശനിയാഴ്ച രാത്രി ഇരുപതോളം പൊലിസുകാര്‍ തങ്ങളുടെ വീട്ടിലെത്തി കാരണമൊന്നും പറയാതെ സഹോദരന്‍ അബ്ദുല്‍ റഹ്മാനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതായി രോഷ്‌നിയുടെ മകന്‍ അതിര്‍ഖുര്‍ റഹ്മാന്‍ പറഞ്ഞു. ഇത് എതിര്‍ത്ത ഉമ്മയെ ഒരു പൊലിസുകാരന്‍ വെടിവെക്കുകയായിരുന്നുവെന്നും അതിര്‍ഖുര്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്തു വെച്ചു തന്നെ റോഷ്‌നി മരിച്ചിരുന്നു.

രോഷ്നിയുടെ മുതുകിന്റെ വലതുവശത്താണ് ബുള്ളറ്റ് തറച്ചതെന്ന് പൊലിസ് പറഞ്ഞു. വീട്ടുകാര്‍ അവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ പൊലിസ് സംഘത്തെ കടന്നുകളയാന്‍ സഹായിച്ച ഉന്നത പൊലിസ് നടപടിയില്‍ ഗ്രാമവാസികള്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും പിന്നീട് ഗ്രാമത്തില്‍ വന്‍ പൊലിസ് സന്നാഹത്തെ വിന്യസിക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു.

ഗ്രാമത്തില്‍ നിന്ന് ആരെയും പുറത്തുപോകാനോ ഗ്രാമത്തിലേക്ക് മറ്റുള്ളവര്‍ വരുന്നതോ വിലക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് രാത്രി വൈകിയും പോസ്റ്റ്‌മോര്‍ട്ടം നടത്താനായില്ല.

ഗ്രാമവാസികളുടെ പ്രതിഷേധം വകവെക്കാതെയാണ് സഹോദരന്‍ അബ്ദുറഹ്മാനെ പൊലിസ് കൂട്ടിക്കൊണ്ടുപോയതെന്ന് അതിഖുര്‍ റഹ്മാന്‍ പറഞ്ഞു. മെയ് 22ന് നടക്കാനിരിക്കുന്ന രോഷ്‌നിയുടെ മകള്‍ റാബിയയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here