മംഗളൂരു: ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി ഉൾപ്പെടെ രണ്ടു യാത്രക്കാരെ കസ്റ്റംസ് അധികൃതർ പിടികൂടി. വ്യാഴാഴ്ച പുലർച്ചെയെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ ഉപ്പള അഞ്ചിക്കട്ടയിലെ മുഹമ്മദ് റിയാസ് (32) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 732 ഗ്രാം 24 കാരറ്റ് സ്വർണം പിടികൂടി.
ഇന്ത്യൻ വിപണിയിൽ 38 ലക്ഷം രൂപ വിലവരുന്ന സ്വർണം പേസ്റ്റ് രൂപത്തിൽ ഗോളങ്ങളാക്കി സെല്ലോ ടാപ്പിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. ഇയാളെ അറസ്റ്റുചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി. മറ്റൊരു സംഭവത്തിൽ ദുബായിൽനിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായ ഭട്കൽ സ്വദേശി ഷംസ് തബ്രാസിൽ(39)നിന്ന് 117 ഗ്രാം 24 കാരറ്റ് സ്വർണമാണ് പിടികൂടിയത്.
നെസ്‌ലെ ഡെയറി ക്രീം ബോട്ടിലിന്റെ ഉള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണം. ഇതിന് ഇന്ത്യൻ വിപണിയിൽ ആറുലക്ഷം രൂപ വിലവരും. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.സന്തോഷ് കുമാർ, എം.ലളിതരാജ്, ഡി.പി. സിങ്, ജി.വി.ബോംകർ, റോഹിദാസ് നായിക്, മനോകാർത്തിയാനി എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.