മംഗളൂരു: ദുബായിലെ അൽമക്തോം വിമാനത്താവളത്തിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 547 ഗ്രാം സ്വർണവുമായി മലയാളി അറസ്റ്റിൽ. കാസർകോട് പള്ളിക്കര ബേക്കൽകോട്ടയ്ക്കടുത്ത് തെക്കേ കുന്നൽവീട്ടിൽ ആഷിക് നിസാ(24)മിനെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച രാത്രി ഒൻപതുമണിക്കെത്തിയ സ്പൈസ് െജറ്റ് വിമാനത്തിലെ യാത്രക്കാരനാണ്. ഇയാളിൽനിന്ന് പിടിച്ചെടുത്ത സ്വർണത്തത്തിന് ഇന്ത്യൻ വിപണിയിൽ 27,89,700 രൂപ വിലവരും. സ്വർണം പശരൂപത്തിലാക്കി മൂന്ന് ഗോളങ്ങളാക്കി സെല്ലോ ടേപ്പ് ചുറ്റി ഗർഭനിരോധന ഉറയിൽ പൊതിഞ് മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കുടുംബം ആണെന്ന വ്യാജേന സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം വന്ന ഇയാൾ കസ്റ്റംസ് പരിശോധനയ്ക്കിടെ തിടുക്കംകാട്ടിയപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോളാണ് സ്വർണക്കടത്ത് പിടികൂടിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ മനോജ്‌കുമാർ, ദുർഗേഷ് കുമാർ, എം. ശോഭനൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.