മംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച് അറസ്റ്റിലായയാളെ ഭാര്യയെത്തി ജാമ്യത്തിലെടുത്തു

0
230

മംഗളൂരു : ബഹ്‌റൈനിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആളെ ഭാര്യയെത്തി ജാമ്യത്തിലെടുത്തു. ഞായറാഴ്ച വൈകിട്ട് വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനായ ബൈന്തൂർ സ്വദേശി ഫയാസ് അഹമ്മദിനെ(49)യാണ് മംഗളൂരു കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 736 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇതിന് ഇന്ത്യൻ വിപണിയിൽ 37,16,800 രൂപ വിലവരും.

സ്വർണം പേസ്റ്റ് രൂപത്തിലാക്കി സെല്ലോയ്ഡ് ടാപ്പിലും ഗർഭനിരോധന ഉറയിലും പൊതിഞ്ഞ് മൂന്ന് ഗോളങ്ങളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് സൂപ്രണ്ടുമാരായ മനോജ് കുമാർ, സന്ദീപ്, ശോഭനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇയാളെ ഭാര്യ നേരിട്ടെത്തി ഒരുലക്ഷം രൂപയുടെ ബോണ്ടും വസ്തു ആധാരത്തിന്റെ ഈടും നൽകിയാണ് ജാമ്യത്തിലിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here