പെട്രോൾ അടിക്കാനുള്ളവർ നേരത്തെ അടിച്ചു വച്ചോളൂ, നാളെ രാജ്യത്തെ 24 സംസ്ഥാനങ്ങളിലുള്ള പെട്രോൾ പമ്പുകൾ ഇന്ധനം വാങ്ങാതെ പ്രതിഷേധിക്കുന്നു

0
470

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ പമ്പ് ഉടമകളുടെ സംഘടനയായ പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ നാളെ (മെയ് 31) പെട്രോൾ കമ്പനികളിൽ നിന്ന് ഇന്ധനം വാങ്ങാതെ പ്രതിഷേധിക്കും. ന്യൂഡൽഹിയിൽ ഇന്ന് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് സംഘടനാ ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 24 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 70,000 പെട്രോൾ പമ്പുകൾ ഈ സംഘടനയിൽ അംഗങ്ങളാണ്. അതിനാൽ തന്നെ നാളെ രാജ്യത്ത് ഇന്ധന ക്ഷാമം അനുഭവപ്പെടാൻ സാദ്ധ്യതയേറെയാണ്.

പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മീഷൻ വർദ്ധിപ്പിക്കാൻ കമ്പനികൾ തയ്യാറാകാത്തതും പെട്രോളിനും ഡീസലിനും ചുമത്തിയിരുന്ന എക്സൈസ് നികുതി സർക്കാർ കുറച്ചതുമൂലം ഡീലർമാർക്ക് ഉണ്ടായ നഷ്ടം നികത്താൻ കമ്പനികൾ തയ്യാറാകാത്തതുമാണ് നിലവിലെ പ്രതിഷേധത്തിന് കാരണമെന്ന് പമ്പുടമകൾ പറഞ്ഞു. അഞ്ച് വർഷം മുമ്പ് സർക്കാർ ഇടപ്പെട്ടതിനെ തുടർന്നാണ് ഡീലർമാർക്കുള്ള കമ്മീഷൻ വർദ്ധിപ്പിക്കാൻ കമ്പനികൾ തയ്യാറായതെന്നും എന്നാൽ അതിനു ശേഷം ഒരിക്കൽ പോലും കമ്മീഷൻ വർദ്ധനവിന് പെട്രോൾ കമ്പനികൾ തയ്യാറായില്ലെന്നും പമ്പുടമകൾ പരാതിപ്പെട്ടു.

അഞ്ച് വർഷം മുമ്പ് സർക്കാരിന്റെ മദ്ധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ എല്ലാ ആറ് മാസവും ഡീലർ കമ്മീഷൻ പുതുക്കാമെന്ന് കമ്പനികൾ സമ്മതിച്ചിരുന്നെന്നും എന്നാൽ കമ്പനികൾ വാക്കുപാലിക്കാൻ കൂട്ടാക്കുന്നില്ലെന്നും പമ്പുടമകൾ ആരോപിക്കുന്നു. നിലവിൽ രണ്ട് ശതമാനം മാത്രമാണ് ഡീലർ കമ്മീഷനെന്നും അത് ചുരുങ്ങിയത് അഞ്ച് ശതമാനമായി വർദ്ധിപ്പിക്കണമെന്നുമാണ് ഡീലർമാരുടെ ആവശ്യം. ഡീലർമാർക്ക് നൽകുന്ന ഈ കമ്മീഷനിൽ നിന്നുമാണ് പമ്പ് നടത്തിപ്പിനാവശ്യമായ വൈദ്യുതിയുടെയും നിർമാണ പ്രവർത്തനങ്ങളുടെയും ചെലവ് കണ്ടെത്തുന്നതെന്നും ജീവനക്കാരുടെ ശമ്പളം അടക്കമുള്ള കാര്യങ്ങൾ വർദ്ധിപ്പിച്ചിട്ടും ഡീലർമാർക്കുള്ള കമ്മിഷൻ വർദ്ധിപ്പിക്കാൻ തയ്യാറാകാത്തത് അനീതിയാണെന്നും പമ്പുടമകൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here