പിതാവിന്റെ അവസാന ആഗ്രഹത്തിന്റെ ഭാഗമായി മുസ്‌ലിം പള്ളിക്ക് 1.5 കോടിയുടെ സ്ഥലം വിട്ടുനില്‍കി ഹിന്ദു സഹോദരിമാര്‍

0
519

കാസിപൂര്‍: പിതാവിന്റെ അന്ത്യാഭിലാഷം സഫലീകരിക്കാനായി മുസ്‌ലിം പള്ളിക്ക് വേണ്ടി 1.5 കോടിയുടെ സ്ഥലം വിട്ടുനല്‍കി ഹിന്ദു സഹോദരിമാര്‍. സ്വന്തം സ്ഥലത്തിലെ നാല് ഏക്കറോളം വരുന്ന സ്ഥലം ഇവര്‍ പള്ളിയുടെ പുനര്‍നിര്‍മാണത്തിനും മറ്റുമായി വിട്ടുനല്‍കിയത്.

ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗര്‍ ജില്ലയിലെ കാസിപൂരിലാണ് ഹിന്ദു സഹോദരികള്‍ സ്ഥലം വിട്ടുനല്‍കിയത്. രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗീയ സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ വരുമ്പോഴാണ് മതമൈത്രിയുടെ ഈ ഉദാഹരണമെന്നതും ശ്രദ്ധേയമാണ്.

പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ച തങ്ങളുടെ പിതാവിന്റെ അവസാന ആഗ്രഹം നിറവേറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇവര്‍ സ്ഥലം പള്ളിക്ക് വിട്ടുനല്‍കിയത്.

2003ലായിരുന്നു ഇവരുടെ അച്ഛന്‍, ബ്രജ്‌നന്ദന്‍പ്രസാദ് രസ്‌തോഗി മരണപ്പെടുന്നത്. അടുത്ത ബന്ധുക്കളോട് മാത്രമായിരുന്നു ഇയാള്‍ തന്റെ അവസാന ആഗ്രഹം പറയുന്നത്. ഇൗയടുത്തായിരുന്നു ദല്‍ഹിയിലും മീററ്റിലുമുള്ള സരോജ്, അനിത എന്നിവര്‍ പിതാവിന്റെ അന്ത്യാഭിലാഷത്തെ കുറിച്ച് അറിയുന്നതും അത് നടത്തുന്നതും.

‘അച്ഛന്റെ അവസാന ആഗ്രഹം നടപ്പിലാക്കുക എന്നത് ഞങ്ങളുടെ കര്‍തവ്യമാണ്. എന്റെ സഹോദരിമാര്‍ അച്ഛന്റെ ആത്മാവിന് സന്തോഷം ലഭിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തത്,’ ഇരുവരുടേയും സഹോദരന്‍ രാകേഷ് രസ്‌തോഗി പറയുന്നു.

‘മതമൈത്രിയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഈ സഹോദരിമാര്‍. പള്ളി കമ്മിറ്റി അവരോടുള്ള സ്‌നേഹവും കടപ്പാടും അറിയിക്കുന്നു. അടുത്ത് തന്നെ അവരെ ആദരിക്കാനുള്ള പരിപാടിയും ഞങ്ങള്‍ ഒരുക്കുന്നുണ്ട്,’ പള്ളി കമ്മിറ്റി അംഗമായ ഹസിന്‍ ഖാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here