നിങ്ങളുടെ വാഹനത്തിൽ ഇക്കാര്യങ്ങളെല്ലാമുണ്ടെന്ന് ഉറപ്പ് വരുത്തിയോ; പൊലീസിന്റെ പിടി വീഴാതിരിക്കാൻ ഇവ ശ്രദ്ധിച്ചോളൂ

0
329

കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി സർക്കാർ ചിഹ്നങ്ങളും ബോർഡുകളും പതാകകളും ഉപയോഗിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും ലൈറ്റുകളും നമ്പർ പ്ളേറ്റുകളും നിയമപരമായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പാലക്കാട് അടയ്ക്കാപുത്തൂരിലെ ശബരി പി.ടി.ബി സ്‌മാരക ഹയർ സെക്കൻഡറി സ്കൂളിന്റെ വാഹനത്തിന് വിദ്യാലയ വാഹനത്തിന്റെ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ജസ്‌റ്റിസ് അനിൽ കെ. നരേന്ദ്രനാണ് ഈ നിർദ്ദേശം നൽകിയത്.

മോട്ടോർ വാഹന നിയമപ്രകാരമുള്ള സുരക്ഷാനിർദ്ദേശങ്ങൾ സർക്കാർ വാഹനങ്ങൾപോലും പാലിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. സർക്കാർ, പൊലീസ് വാഹനങ്ങളിൽ സൺഫിലിമും വിൻഡോ കർട്ടനും പാടില്ലെന്ന് 2020 ഡിസംബർ 14ന് ഡി.ജി.പിയും 2020 ഡിസംബർ 30ന് ആഭ്യന്തരവകുപ്പും സർക്കുലർ ഇറക്കിയിരുന്നു.

ഇക്കാര്യത്തിൽ കർശനനടപടി വേണമെന്ന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഇതിനായി ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഡിജിപിക്കും ആഭ്യന്തരവകുപ്പിനും നൽകണം. സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഓടിക്കുന്നവരുടെ ലൈസൻസ് പിടിച്ചെടുത്ത് ഇവരെ അയോഗ്യരാക്കണം. പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർക്കും ഇതിനായി നടപടി സ്വീകരിക്കാനാവുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

നിയമലംഘനം കണ്ടെത്തി സ്വീകരിച്ച നടപടികൾ അറിയിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സമയം തേടി. കേന്ദ്രസർക്കാരിന്റെ വാഹനങ്ങളിൽ കൊടികളും ചിഹ്നങ്ങളും ബോർഡുകളും വിൻഡോ കർട്ടനുകളും അനധികൃതമായി സ്ഥാപിക്കുന്നത് തടയാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശങ്ങൾ നൽകുമെന്ന് അസി. സോളിസിറ്റർ ജനറലും അറിയിച്ചു. ഹർജി ജൂൺ 15ന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here