ബംഗളൂരു: കർണ്ണാടകയുടെ തീരദേശ മേഖലയിൽ മുസ്ലിം വിഭാഗത്തിനെ ഒപ്പം നിർത്താൻ പരിപാടികളുമായി സി.പി.എം. മുസ്‍ലിം വിഭാഗത്തിനായി മാത്രം മംഗളുരുവിൽ കൺവെൻഷൻ സംഘടിപ്പിക്കും. ഈ മാസം 31 ന് നടക്കുന്ന സമ്മേളനത്തിൽ കെ.ടി ജലീൽ പങ്കെടുക്കും.
മെയ് 31 ന് മംഗളൂരുവിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,000ത്തിലേറെ മുസ്‍ലിം പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്.
ഭൂരിപക്ഷ വിഭാഗത്തിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോവുന്നത് കർണാടകയിലെ സി.പിഎമ്മിനെ ദുർബലമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തെ അടുപ്പിക്കുന്നതോടെ പാർട്ടിയെ ശക്തിപ്പെടുത്താനാവുമെന്നാണ് സി.പി.എമ്മിന്റെ കണക്ക് കൂട്ടൽ.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും സംസ്ഥാനത്ത് കാര്യമായ ചലനമുണ്ടാക്കാൻ സി.പി.എമ്മിന് സാധിച്ചിട്ടില്ല. ന്യൂനപക്ഷ വിഭാഗത്തിൽ സ്വാധീനമുണ്ടാക്കി തെരഞ്ഞെടുപ്പ് വിജയം നേടാനാവുമോ എന്ന പരീക്ഷണം കൂടിയാണ് സി.പി.എം നടത്തുന്നത്. അതേ സമയം കർണാടകയിലെ പാർട്ടിയിൽ ദളിത്, ആദിവാസി, മുസ്‍ലിം വിഭാഗത്തിന് നേതൃസ്ഥാനത്ത് അർഹമായ പ്രതിനിധ്യമില്ലാത്തതിനെതിരെയും ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. മുന്നാക്ക ഹിന്ദു ജാതിയിൽ നിന്നുള്ളവരാണ് ഇപ്പോഴും സംസ്ഥാനത്ത് സി.പിഎമ്മിനെ നയിക്കുന്നത്. ഇതിൽ മാറ്റം ഉണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.