തിരുവനന്തപുരം: കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടി കൂടി. കേരള പ്രവാസി അസോയിഷന്‍റെ പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. അവസരവാദ രാഷ്ട്രീയത്തിന് ബദലാണ് പുതിയ രാഷ്ട്രീയ പാർട്ടിയെന്ന് നേതാക്കൾ പറഞ്ഞു
പ്രവാസികൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ നിന്ന് ‘സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പുതിയ രാഷ്ട്രീയപാർട്ടി വരുന്നത്. 36 അംഗ ദേശീയ കൗൺസിലിന്‍റെ കീഴിൽ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ, ജില്ല, സംസ്ഥാന കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനം.
കേരളാ പ്രവാസി അസോസിയേഷന്‍റെ വെബ്‍സൈറ്റ് വഴി അടുത്ത മാസം ഒന്നുമുതൽ അംഗത്വമെടുക്കാം. ബന്ദ്, ഹർത്താൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ പൊതുജീവിതം സ്തംഭിപ്പിക്കുന്ന പ്രവർത്തനങ്ങൾ പാർട്ടി നടത്തില്ലെന്ന് ദേശീയ കൗൺസിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് പറഞ്ഞു. പ്രവാസികൾക്ക് വോട്ടവകാശം നേടിയെടുക്കാനുള്ള നിയമപോരാട്ടം സംഘടന തുടരും. പ്രവാസി ജോബ്‍സ്.കോം എന്ന വെബ്‍സൈറ്റ് വഴി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും പാർട്ടി നേതാക്കൾ പറയുന്നു,