തിരുവനന്തപുരം: ജിയോ ടാഗിംഗ് നടത്തി നിശ്ചയിച്ച അലൈൻമെന്റ് പ്രകാരം നടത്തി വന്ന കല്ലിടലിന് പകരമാണ് ജി.പി.എസ് മാർക്കിംഗ് നടത്താൻ ഉദ്യോഗസ്ഥ സംഘം ഇനി വീടുകളിലെത്തുന്നതെന്ന് കെ-റെയിൽ വ്യക്തമാക്കി. ഇവരുടെ കൈവശമുള്ള മൊബൈൽ ഡിവൈസിലൂടെ (മൊബൈൽ ഫോണല്ല) പുരയിടത്തിന്റെ ഏതുഭാഗത്തുകൂടിയാണ് പാത കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിത്തരും.
ഇവർക്കൊപ്പം സാമൂഹ്യാഘാത പഠന സംഘവും ഉണ്ടാവും. കല്ലു നോക്കി സ്ഥലത്ത് എത്തി പഠനം നടത്താനായിരുന്നു മുൻ തീരുമാനം. അതില്ലാത്തതുകൊണ്ടാണ് രണ്ടുകൂട്ടരും ഒരുമിച്ച് എത്തുന്നത്. മൊബൈൽ ഡിവൈസിലൂടെ കാണുന്ന അലൈൻമെന്റിൽ നിന്ന് ഒരു മീറ്റർ വരെ മാറ്റം ഉണ്ടാവാം.
ഭൂമി ഏറ്റെടുക്കാനുള്ള അതിരല്ലാത്തതിനാൽ ഈ വ്യത്യാസം പ്രശ്നമാവില്ല. എന്നാൽ, കൃത്യതയോടെ അലൈൻമെന്റ് നിശ്ചയിക്കാൻ കഴിയുന്നത് ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡി.ജി.പി.എസ്) വഴിയാണ്. ഇതും ഉപയോഗപ്പെടുത്തും. ഒരു പ്രദേശത്ത് ഏതെങ്കിലും ഒരു സംവിധാനമേ ഉപയോഗിക്കൂ. രണ്ടായാലും ഉദ്യോഗസ്ഥർ വീടുകളിലെത്തും.
രണ്ടാമത്തെ സംവിധാനം പ്രവർത്തിക്കുന്നത് ഭൂമിയുടെ അക്ഷാംശവും രേഖാംശവും കൃത്യമായി അറിയുന്ന അഞ്ച് ഉപഗ്രഹങ്ങളിലൂടെയാണ്. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ ഒരു സബ് സ്റ്റേഷൻ വേണ്ടിവരും. ഒരു സ്ഥലത്ത് വയ്ക്കുന്ന സബ് സ്റ്റേഷന്റെ ഇരു വശങ്ങളിലേക്കുമുള്ള അഞ്ചു കിലോ മീറ്റർ വരെയുള്ള അലൈൻമെന്റ് വീടുകളിലേക്ക് കൊണ്ടുവരുന്ന മൊബൈൽ ഡിവൈസിൽ കൃത്യമായി അറിയാനാവും. രണ്ടു ദിശയിലേയും അലൈൻമെന്റ് മാർക്കു ചെയ്തു കഴിഞ്ഞാൽ, സബ് സ്റ്റേഷൻ പത്തുകിലോമീറ്റർ അപ്പുറത്തേക്ക് മാറ്റും. വീണ്ടും അതിന്റെ ഇരുദിശയിലേയും അഞ്ചുകിലോമീറ്റർ വീതം അടയാളപ്പെടുത്തും.
`ജി.പി.എസ് മാർക്കിംഗ് നടത്താനുള്ള ഉപകരണങ്ങളെല്ലാം കെ-റെയിലിനുണ്ട്. പരിസ്ഥിതി ആഘാത പഠനം കാലവർഷം കഴിഞ്ഞാലുടൻ പൂർത്തിയാവും”.
– വി. അജിത്കുമാർ, എം.ഡി, കെ-റെയിൽ
പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കും
മേഖലയിലെ ജനങ്ങളുടെ കൂടി അഭിപ്രായം കേട്ടശേഷം സാമൂഹ്യാഘാത പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കും.
തദ്ദേശസ്ഥാപന തലത്തിൽ ചർച്ച നടത്തിയും വിദഗ്ദ്ധസമിതിയുടെ അഭിപ്രായങ്ങൾ വിലയിരുത്തിയും ഭൂമിയേറ്റെടുക്കുന്നതിന് ഉത്തരവിറക്കും.
കെ-റെയിൽ കുറ്റിക്ക് അഞ്ഞൂറായി; അനാഥമായി
സിൽവർലൈൻ കല്ലിടലിന് സർക്കാർ തന്നെ വിലങ്ങിട്ടതോടെ അതിരടയാളക്കല്ലുകൾക്കായി കുറ്റികൾ നിർമ്മിച്ച ചെറുകിട കമ്പനി പെരുവഴിയിലായി. ഇരുമ്പ് അച്ച്, കമ്പി, സിമന്റ് എല്ലാം കൂടി ഒരു കുറ്റി നിർമ്മിക്കാൻ 500 രൂപ ചെലവ് വരും. ഇനി ഭൂമി ഏറ്റെടുക്കൽ നടന്നാൽ മാത്രമേ കല്ലിന്റെ ആവശ്യമുള്ളൂ.
കണ്ണൂർ ഏച്ചൂരിലെ ശിൽപ്പി കൺസ്ട്രക്ഷൻസാണ് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകൾക്കായി കുറ്റികൾ നിർമ്മിച്ചത്. ആറായിരത്തോളം കുറ്റികളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പഴയങ്ങാടിയിലെ കോൺട്രാക്ടർക്ക് വേണ്ടി സബ് കോൺട്രാക്ടായാണ് ഇവർ കുറ്റികൾ നിർമ്മിച്ചത്.
8000 കുറ്റികൾക്കാണ് കരാറായത്. പത്ത് ജോലിക്കാരെയും നിയോഗിച്ചു. മുഴുവൻ കുറ്റികളും നിർമ്മിച്ചു. 2000 കുറ്റികൾ മാത്രമാണ് കൊണ്ടുപോയത്. 30 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്. ചെറിയ തുക മാത്രമാണ് ഇവർക്ക് നൽകിയത്. പണം തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വിളിച്ചെങ്കിലും അധികൃതർ ഫോൺ എടുത്തില്ലെന്ന് മാനേജർ എസ്. എൻ. സുനിൽബാബു പറഞ്ഞു. തെക്കൻ ജില്ലകൾക്കായി കുറ്റികൾ നിർമ്മിക്കാൻ കരാർ നൽകിയത് കോയമ്പത്തൂരിലെ മറ്റൊരു സ്വകാര്യകമ്പനിയ്ക്കാണ്.