കാസർകോട്ടെ ഭക്ഷ്യവിഷബാധ, ചികിത്സ തേടിയവരുടെ എണ്ണം 31 ആയി; സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി

0
254

കാസർകോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ  കർശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളെ മന്ത്രി  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു.

ഭക്ഷ്യവിഷബാധ മൂലം കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി 16 വയസുകാരി ദേവനന്ദ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.  ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. എ.ഡി.എം എ.കെ രമേന്ദ്രനാണ്  അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here