എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി കുഞ്ഞ്; നെഞ്ചിടിക്കുന്ന വീഡിയോ

0
408

നിത്യവും എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയ വഴി കാണുന്നത്. ഇവയില്‍ മിക്കതും നമുക്ക് താല്‍ക്കാലികമായ ആസ്വാദനം മാത്രം നല്‍കുന്നതായിരിക്കും. കൗതുകമുണര്‍ത്തുന്ന കാര്യങ്ങള്‍, തമാശകള്‍ എല്ലാമായിരിക്കും ഇത്തരത്തിലുള്ള വീഡിയോകളുടെ ഉള്ളടക്കം. എന്നാല്‍ മറ്റ് ചില വീഡിയോകളുണ്ട്, നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്നവ.

അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍, അങ്ങനെയുള്ള സാഹചര്യങ്ങളില്‍ എന്തുചെയ്യണമെന്ന മാര്‍ഗനിര്‍ദേശങ്ങളെല്ലാം ഓര്‍മ്മപ്പെടുത്തുന്ന വീഡിയോകള്‍. അത്തരത്തിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

കസക്കിസ്ഥാനില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. വലിയൊരു കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങിപ്പോയ മൂന്നുവയസുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്.

അമ്മ വീട്ടിലില്ലാത്ത സമയത്ത് തലയിണകളും മറ്റും അടുക്കിവച്ച് അതിന്മേല്‍ ചവിട്ട് ജനാലയില്‍ കയറിയതായിരുന്നു കുഞ്ഞ്. എന്നാല്‍ അബദ്ധവശാല്‍ ജനാലയ്ക്ക് പുറത്തേക്ക് കുഞ്ഞ് വീണു. ജനാലയില്‍ തന്നെ പിടിച്ചുതൂങ്ങിക്കിടന്നതിനാല്‍ താഴേക്ക് വീണില്ല.

ഈ സമയം ജോലിക്ക് പോവുകയായിരുന്ന ഒരാള്‍ യാദൃശ്ചികമായി ഇത് കാണുകയും കുഞ്ഞിനെ രക്ഷപ്പെടുത്താനായി ഓടിയെത്തുകയുമായിരുന്നു. സബിത് ഷോന്‍തക്‌ബേവ് എന്നയാളാണ് തന്റെ ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ട് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തും കൂടെ പിന്തുണയായി നിന്നിരുന്നു.

തന്റെ കൈവശം ജീവന്‍ സുരക്ഷകളൊന്നുമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ആ സമയത്ത് അതെക്കുറിച്ചൊന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നും സബിത് പറയുന്നു. സബിതും സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത് അതുവഴി പോയ കാല്‍നടയാത്രക്കാരനാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

വീഡിയോ വൈറലായതോടെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ ആള്‍ക്ക് വേണ്ടി വ്യാപകമായ അന്വേഷണങ്ങള്‍ വന്നു. സംഭവം കഴിഞ്ഞ് അവിടെ നില്‍ക്കാതെ തിരികെ ജോലിക്ക് പോയ സബിതിനെ അങ്ങനെയാണ് മാധ്യമങ്ങള്‍ കണ്ടെത്തുന്നത്. പിന്നീട് ഇദ്ദേഹത്തിന് നാട്ടുകാര്‍ ആദരിക്കുകയും ജോലി ചെയ്യുന്ന നഗരത്തിലെ ഭരണാധികാരികള്‍ അദ്ദേഹത്തിന് മൂന്ന് കിടപ്പുമുറികളുള്ള അപാര്‍ട്‌മെന്റ് സമ്മാനമായി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാമ്പത്തിക പ്രയാസം മൂലം ഭാര്യയെയും നാല് മക്കളെയും നാട്ടില്‍ ആക്കി, ജോലി ചെയ്യാന്‍ മറ്റൊരിടത്ത് എത്തിയതായിരുന്നു സബിത്. ഇനി കുടുംബത്തെ കൂടി ഇങ്ങോട്ട് കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അതില്‍ ഏവരും സന്തോഷിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വീഡിയോ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here