ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്; കോടതിയില്‍ തെളിവുകള്‍ ഹാജരാക്കി വിജയ് ബാബു

0
312

ബലാത്സംഗ കേസില്‍ കോടതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. പരാതിക്കാരിയായ നടി അയച്ച ചിത്രങ്ങളും സന്ദേശങ്ങളുമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.

സിനിമയില്‍ അവസരത്തിന് വേണ്ടി നടി നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നു. പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് പറയുന്ന തീയതിക്ക് ശേഷവും തന്റെ ഭാര്യയുമായി നടി സംസാരിച്ചതിന്റെ സി.സി ടിവി ദൃശ്യങ്ങളുണ്ട്. ഏപ്രില്‍ 14ന് നടി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ വരികയും അവിടെ വെച്ച് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെടുകയും ചെയ്തതായും കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നല്‍കി തന്നെ ബ്‌ളാക്ക് മെയില്‍ ചെയ്യുകയാണെന്നും വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നു. തന്റെ പുതിയ ചിത്രത്തില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും വിജയ് ബാബു ആരോപിച്ചു.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി തിരികെ എത്താനുള്ള യാത്രാ രേഖകള്‍ സമര്‍പ്പിച്ചാലേ ഹര്‍ജി പരിഗണിക്കുകയുള്ളൂവെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിജയ് ബാബു യാത്രാ രേഖകള്‍ ഹാജരാക്കി. ഈ മാസം 30ന് രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്നാണ് കോടതിയെ അറിയിച്ചത്.

അതേസമയം ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി പൊലീസ് തുടങ്ങി. നടന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ യാത്രാരേഖയെക്കുറിച്ച് അറിയില്ലെന്നും പൊലീസ് പറഞ്ഞു. റെഡ് കോര്‍ണര്‍ നോട്ടീസ് ആഭ്യന്തര വകുപ്പില്‍ നിന്ന് സിബിഐയ്ക്ക് അയച്ചു. സിബിഐ ഉടന്‍ തന്നെ ഇന്റര്‍പോളിന് നോട്ടീസ് കൈമാറും. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയാണ് സിബിഐ.

LEAVE A REPLY

Please enter your comment!
Please enter your name here